തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനിൽ ഓട്ടോ ഓടുന്ന രജനിക്കാണ് ദുരനുഭവം ഉണ്ടായത്. ആരോഗ്യ പ്രശ്നം മൂലമാണ് നവകേരള സദസിൽ പങ്കെടുക്കാതിരുന്നതെന്നാണ് രജനി പറയുന്നത്.
തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ വനിത ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു യൂണിയൻ. തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന രജനിക്കാണ് ദുരനുഭവം ഉണ്ടായത്. കാട്ടായിക്കോട്ടം സിഐടിയു യൂണിയനാണ് വിലക്കേർപ്പെടുത്തിയത്.
എട്ട് വർഷമായി കാട്ടായിക്കോണത്ത് ഓട്ടോ ഓടിക്കുന്നുണ്ട് രജനി. സിഐടിയു - സിപിഎം അംഗമായ രജനി പാർട്ടി പരിപാടികളിൽ മുടങ്ങാതെ പങ്കെടുക്കും. കഴക്കൂട്ടത്ത് നടന്ന നവകേരള സദസിൽ പങ്കെടുക്കണമെന്ന നിർദേശം വന്നു. എല്ലാവരും സദസിന് പോയപ്പോള്‍ അനാരോഗ്യം കാരണം രജനിക്ക് പോകാനായില്ല. ഇതേ തടര്‍ന്ന് രജനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സിഐടിയു യൂണിയൻ.
അമ്മയ്ക്കുള്ള മരുന്ന് രജനി ഓട്ടോ ഓടിയിട്ട് വേണം വാങ്ങാൻ. ഭർത്താവിന്‍റെ വരുമാനം കൊണ്ട് മാത്രം മുന്നോട്ട് പോകില്ലെന്ന് മനസ്സിലാക്കിയ ഒരു വീട്ടമ്മയുടെ നിശ്ചയ ദാർഢ്യത്തിന്‍റെ പ്രതീകം കൂടിയാണ് രജനി. പൊലീസിൽ പരാതി നൽകിയാൽ സഹോദരനെയും ജോലിയിൽ നിന്ന് മാറ്റി നിർത്തുമെന്നാണ് സിഐടിയു ഭീഷണി മുഴക്കുന്നത്. പാർട്ടിക്കെതിരല്ലെന്നും ഓട്ടോ ഓടാൻ അനുവദിച്ചാൽ മാത്രം മതിയെന്നുമാണ് രജനിയുടെ ആവശ്യം.
പരിപാടിയിൽ പങ്കെടുക്കാത്ത കാര്യം രജനി അറിയിച്ചിരുന്നില്ലെന്നാണ് കാട്ടായിക്കോണം സ്റ്റാൻഡിലെ സിഐടിയുവിലെ മറ്റ് ഓട്ടോ ഡ്രൈവർമാർ പറയുവന്നത്. വിലക്കിൻ്റെ കാര്യത്തിൽ പക്ഷെ പരസ്യപ്രതികരണത്തിന് സംഘടന തയ്യാറല്ല.
