Asianet News MalayalamAsianet News Malayalam

Civic Chandran Case: സിവിക് ചന്ദ്രൻ കേസിലെ വിവാദ പരാമർശം; ജഡ്ജിയുടെ ട്രാൻസ്ഫർ സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്

കോഴിക്കോട് പ്രിൻസിപ്പൽ സെ‌ഷൻസ് കോടതി ജഡ്ജി ആയിരുന്ന എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റിയത്. സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

Civic Chandran case High court Division Bench stayed Judge krishnakumar s transfer
Author
First Published Sep 16, 2022, 12:25 PM IST

കൊച്ചി: സിവിക് ചന്ദ്രൻ കേസിലെ ജഡ്ജിയുടെ ട്രാൻസ്ഫർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാർ നൽകിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, മൊഹമ്മദ് നിയാസ് എന്നിവർ അടങ്ങിയ ബെഞ്ചിന്ടെതാണ് ഉത്തരവ്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

കോഴിക്കോട് പ്രിൻസിപ്പൽ സെ‌ഷൻസ് കോടതി ജഡ്ജി ആയിരുന്ന എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റിയത്. സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സ്ഥലം മാറ്റത്തിൽ നിയമപരമായ ഒരു അവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്. ചുമതല നൽകുന്ന സ്ഥലത്ത് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം ജഡ്ജിനുണ്ടെന്നും മുൻവിധികൾ വേണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബർ കോടതി ജഡ്ജിയുടെതെന്ന് പറഞ്ഞ കോടതി, സ്ഥലം മാറ്റ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എസ് കൃഷ്ണകുമാര്‍ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ തന്നെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ് കൃഷ്ണകുമാറിന്‍റെ വാദം. മൂന്ന് വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അടുത്ത മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും എസ് കൃഷ്ണകുമാർ വാദിച്ചിരുന്നു. സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് മാറ്റിയത്.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാർമർശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന  കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ്  നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios