വയനാട്: പുത്തുമല ദുരന്തത്തില്‍ ഇനി ഒമ്പത് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ. ഉരുൾപ്പൊട്ടലിൽ 18 പേരെയാണ് ആകെ കാണാതായതെന്നും അതില്‍ ഒമ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും എംഎല്‍എ പറഞ്ഞു. കാണാതായ അഞ്ച് പേരെ വിവിധ ക്യാമ്പുകളിൽ കണ്ടെത്തിയെന്നും സി കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. ഉരുൾപ്പൊട്ടലിൽ ഒരു പ്രദേശമാകെ ഇല്ലാതായ അവസ്ഥയാണ് പുത്തുമലയിൽ ഉള്ളത്. മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടികൾ എട്ട് കുടുംബങ്ങൾ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്സുകൾ, ഇരുപതോളം വീടുകൾ, ആരാധനാലയങ്ങളും കടകളും വാഹനങ്ങളും അടക്കം എല്ലാം ഒലിച്ചുപോയ അവസ്ഥയിലാണ്.

റോഡും പാലവുമൊക്കെ തകർന്നതോടെ മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്. കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് കുറുകെ വടം കെട്ടിയാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. 

Read More: മൃതദേഹങ്ങൾ കൊണ്ടുവന്നത് മലവെള്ളപ്പാച്ചിലിന് കുറുകെ വടം കെട്ടി; പുത്തുമലയിൽ തെരച്ചിൽ തുടങ്ങി