Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി; വിസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം, യോഗം അവസാനിപ്പിച്ചു

ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത ഒൻപത് പേരെ സംഘപരിവാര്‍ അനുകൂലികളെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ യോഗം നടന്ന ഹാളിലേക്ക് പ്രവേശിക്കാതെ തടഞ്ഞു

Clash in Calicut university senate meeting kgn
Author
First Published Dec 21, 2023, 11:18 AM IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി. വിസി എംകെ ജയരാജിനെ കൈയ്യേറ്റം ചെയ്യാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതോടെ അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു. ഡയസിൽ കയറിയ മുസ്ലിം ലീഗ് അംഗങ്ങളാണ് വിസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംശയങ്ങൾ കേൾക്കാൻ പോലും വിസി തയ്യാറായില്ലെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ കുറ്റപ്പെടുത്തി. അഞ്ച് അജണ്ടകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്. അഞ്ച് അജണ്ടകളും പാസാക്കിയാണ് യോഗം അവസാനിപ്പിച്ചത്. വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കയ്യടിച്ച് പാസാക്കിയെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ പരാതിപ്പെട്ടു. സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് വേഗത്തിൽ തീരുമാനങ്ങളെടുത്ത് യോഗം അവസാനിപ്പിച്ചത്.

അതേസമയം ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത ഒൻപത് പേരെ സംഘപരിവാര്‍ അനുകൂലികളെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ യോഗം നടന്ന ഹാളിലേക്ക് പ്രവേശിക്കാതെ തടഞ്ഞു. ഇവര്‍ക്ക് യോഗത്തിൽ പങ്കെടുക്കാനും കഴിഞ്ഞില്ല. ഇവരിൽ പത്മശ്രീ ജേതാവടക്കം ഉണ്ടായിരുന്നു. രാവിലെ മുതൽ പൊലീസ് സാന്നിധ്യത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ യോഗം നടന്ന സെനറ്റ് ഹാളിലേക്കുള്ള ഗേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രതിഷേധിച്ചത്. വളരെ വൈകിയാണ് പൊലീസ് ഇടപെട്ടത്. എസ്എഫ്ഐ പ്രവര്‍ത്തകരെ ഒന്നൊന്നായി നീക്കിയപ്പോഴേക്കും സെനറ്റ് ഹാളിനകത്ത് അജണ്ടകൾ വേഗത്തിൽ പരിഗണിച്ച് യോഗം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ലീഗ് അംഗങ്ങളും പ്രതിഷേധിച്ച് രംഗത്ത് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios