Asianet News MalayalamAsianet News Malayalam

ഇന്നും യുദ്ധക്കളമായി തലസ്ഥാനം; കെഎസ്‍യു ഡിജിപി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്

പൊലീസ് ലാത്തിചാര്‍ജില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു.

Clash in KSU DGP office march in trivandrum, water cannon, lathi charge  by police
Author
First Published Dec 21, 2023, 2:11 PM IST

തിരുവനന്തപുരം:കെഎസ്‍യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ നവകേരള സദസിന്‍റെ പ്രചരണ ബോർഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകർത്തു. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് ലാത്തിവീശി. പ്രതിഷേധത്തിനിടെ ചാനല്‍ ക്യാമറാമാനെയും പൊലീസ് ലാത്തിവീശി. ക്യാമറാമാനാണെന്ന് പറഞ്ഞിട്ടും പൊലീസ് അതിക്രമം തുടരുകയായായിരുന്നുവെന്നാണ് ആരോപണം. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഇതില്‍ പൊലീസിന്‍റെ പ്രതികരണം.

പരിക്കേറ്റ പ്രവര്‍ത്തകരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് ലാത്തിചാര്‍ജ് ആരംഭിച്ചതെന്ന് കെഎസ് യു പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. കെപിസിസി ഓഫിസിൽ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് കൊട്ടേഷൻ സംഘമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. സി.പി.എമ്മിന് വേണ്ടി പണിയെടുക്കുന്ന പൊലീസുകാർ കാക്കി അഴിച്ചുവെച്ച് പുറത്തുപോകണം. തങ്ങൾ എല്ലാവരും തെരുവിൽ അണിനിരക്കും.ഗവർണർ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാൻ കഴിയുമോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു. ഭാര്യാപിതാവിനെ ഒറ്റയ്ക്ക് വിടാൻ ധൈര്യമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസിനോടും കുഴൽനാടൻ വെല്ലുവിളി നടത്തി. നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്,കെഎസ്‍യു പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

വണ്ടിപ്പെരിയാർ കേസ്; പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം, പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണമെന്ന് രാഹുൽ

 

Latest Videos
Follow Us:
Download App:
  • android
  • ios