Asianet News MalayalamAsianet News Malayalam

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ചിറ്റാറിൽ സിപിഎമ്മിൽ പൊട്ടിത്തെറി

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സജിയെ സിപിഎം പിന്തുണച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിൽ ചില അംഗങ്ങൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. 

Clash on CPIM in Chittar
Author
Chittar, First Published Jan 10, 2021, 6:41 AM IST

ചിറ്റാര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ട ചിറ്റാറിൽ സിപിഎമ്മിൽ പൊട്ടിത്തെറി. ചിറ്റാർ പഞ്ചായത്ത് രണ്ടാം വാർഡിലെ 15 സിപിഎം പ്രവർത്തകർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. കോൺഗ്രസ് അംഗത്തെ പ്രസിഡന്റാക്കി സിപിഎം ഭരണം നിലനിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.

അധികാരം മാത്രമല്ല രക്തസാക്ഷി തർക്കം കൂടിയാണ് ചിറ്റാറിലേത്. സിപിഎം പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എം.എസ് രാജേന്ദ്രനെ തോൽപിച്ചായിരുന്നു സജി കുളത്തുങ്കൽ പഞ്ചായത്തിലെത്തിയത്. എംഎസ് രാജേന്ദ്രന്റെ സഹോദരൻ എംഎസ് പ്രസാദിനെ കോൺഗ്രസും സജി കുളത്തുങ്കലിന്റെ അച്ഛനെ സിപിഎമ്മും വെട്ടിക്കൊലപ്പെടുത്തിയതാണ്. 

ഈ ചരിത്രമിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സജിയെ സിപിഎം പിന്തുണച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിൽ ചില അംഗങ്ങൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിയെ നിർത്താത്ത പക്ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമായിരുന്നെന്നാണ് പ്രവർത്തകരുടെ വാദം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തലേന്ന് രാത്രി എംഎസ് രാജേന്ദ്രന്റെ അസാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മറ്റിയാണ് സജി കുളത്തുങ്കലിനെ പിന്തുണച്ച് അധികാരം നിലനിർത്താമെന്ന് തീരുമാനിച്ചത്. 

13 അംഗ പഞ്ചായത്തിൽ എൽഡിഎഫ് അഞ്ച് യുഡിഎഫ് ആറ് എൻഡിഎ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. സജിയെ ഇടത് പാളയത്തിലെത്തിച്ചതു വഴി വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും എൽഡിഎഫ് ജയിച്ചിരുന്നു. സജിയെ പിന്തുണക്കാനുള്ള തീരുമാനത്തിൽ സ്ഥലം എംഎൽഎ കെ.യു ജനീഷ് കുമാറിന് പങ്കുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എംഎൽഎയുടെ പഞ്ചായത്തായ സീതത്തോടിലും പാർട്ടിക്കുള്ളിൽ കല്ലുകടിയുണ്ട്. പാർട്ടി പദവിയിലുള്ള ആളിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലാണ് എതി‍ർപ്പ്.

Follow Us:
Download App:
  • android
  • ios