ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രൂക്ഷം

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രൂക്ഷം. കോഴിക്കോട് ഐജി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെങ്കിലും സംഘര്‍ഷത്തിന് പരിഹാരമായില്ല. വലിയ തോതിൽ സംഘടിച്ചാണ് പ്രവര്‍ത്തകരെത്തിയത്. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിൽ പൊലീസ് ഇടപെട്ടു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കിയെങ്കിലും ഒരു കൂട്ടം പ്രവര്‍ത്തകര്‍ സ്ഥലത്ത് തുടരുകയാണ്. 

ഷാഫി പറമ്പിലിന് പൊലീസ് മര്‍ദനമേറ്റതിന് പിന്നാലെ മട്ടാഞ്ചേരിയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടി ഇന്ന് കൊച്ചിയിൽ നടക്കുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ ടെര്‍മിനൽ ഉദ്ഘാടന വേദിയിലേക്ക് റോഡ് മാര്‍ഗമാണ് മുഖ്യമന്ത്രി എത്തുക. ഈ വഴിയിലാണ് യൂത്ത് കോണ്‍ഗ്രസ് ദേഹത്ത് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി. സംസ്ഥാന വ്യാപകമായി പലയിടത്തും പ്രതിഷേധം രൂക്ഷമാകുകയാണ്. സ്ഥലത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 

കാസർകോട് കാഞ്ഞങ്ങാടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് ഇളക്കി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കാഞ്ഞങ്ങാട് റോഡ് ഉപരോധിച്ച പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. അരമണിക്കൂർ നേരം കാഞ്ഞങ്ങാട് നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ടയർ കത്തിക്കാനുള്ള പ്രവർത്തകരുടെ ശ്രമം നേതാക്കളും പോലീസും ഇടപെട്ട് തടഞ്ഞു. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത മുഖ്യമന്ത്രിക്കെതിരെ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. ഫോർട്ട് കൊച്ചി ചുള്ളിക്കലിലും, ജങ്കാർ ജെട്ടി പരിസരത്തും, വാതുരുത്തിയിലും പ്രതിഷേധിച്ച 20 കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹോൾഡ് തൃശ്ശൂരിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമാണ് മുഖ്യമന്ത്രി കൊച്ചിയിൽ എത്തിയത്. ജങ്കാർ വഴിയും റോഡ് മാർഗ്ഗവും യാത്ര ചെയ്ത മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നഹമാണ് പോലീസ് ഒരുക്കിയത്. സ്വർണ്ണപ്പാളി വിവാദത്തിൽ കഴിഞ്ഞ കുറച്ചു ദിവസമായി കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധ പരിപാടികളാണ് സർക്കാരിന് എതിരെ സംസ്ഥാനത്തുടനീളം നടന്നു വരുന്നത്. ഇതിനിടെ കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ആണ് കരിങ്കൊടി പ്രതിഷേധവും ഇന്ന് കൊച്ചിയിൽ നടന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്

മട്ടാഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ദേഹത്ത് കരിഓയിൽ ഒഴിച്ചാണ് പ്രതിഷേധം