ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ പൊലീസ് കേസെടുത്തു.

കോഴിക്കോട്: ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ പൊലീസ് കേസെടുത്തു. സ്‌കൂളിലെ അറബിക് അധ്യാപകനായ മുബഷിറിനെതിരേയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. നവംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസില്‍നിന്ന് പുറത്തിറക്കി മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് പത്തുവയസ്സുകാരിയെ ചൂരല്‍ കൊണ്ട് തല്ലിച്ചതച്ചെന്നാണ് പരാതി. വേദനകൊണ്ട് പുളഞ്ഞ വിദ്യാര്‍ഥിനി വസ്ത്രത്തില്‍ മൂത്രമൊഴിച്ചുപോയെന്നും പരാതിയില്‍ പറയുന്നു.

സ്‌കൂളിലെ മൈതാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ വിദ്യാര്‍ഥിനി പരാമര്‍ശം നടത്തിയെന്ന് പറഞ്ഞാണ് തല്ലിച്ചതച്ചതെന്ന് പിതാവ് പറയുന്നു. സംഭവത്തിന് പിന്നാലെ മകള്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരിക്കുകയാണെന്നും പരാതി നല്‍കിയിട്ടും സ്‌കൂള്‍ മാനേജ്‌മെന്‍റ് അധ്യാപകനെ സംരക്ഷിക്കുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. മാനസിക വിഷമം അനുഭവിക്കുന്ന കുട്ടിക്ക് കൗണ്‍സിലിങ് ആരംഭിച്ചിട്ടുണ്ട്. മകള്‍ക്ക് നീതി ഉറപ്പാക്കാനായി ബാലവകാശ കമ്മീഷന് ഉള്‍പ്പെടെ പരാതി നല്‍കിയതായും പിതാവ് പറഞ്ഞു.