ശാശ്വത പരിഹാര പാക്കേജ് ആയി ആവശ്യപ്പെട്ട 250 കോടി രൂപയുടെ ഒരു ഗഡു കൂടി ലഭ്യമാക്കണമെന്ന് സർക്കാരിനോട് കെഎസ്ആർടിസി ആവശ്യപ്പെടും
തിരുവനന്തപുരം : കെ എസ് ആർ ടി സിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. 10 മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ ഗതാഗത സെക്രട്ടറിയും കെ എസ് ആർ ടി സി സി, എം ഡിയുമായ ബിജു പ്രഭാകറും പങ്കെടുക്കും. ശമ്പളമടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളവും ഓണം ഉത്സവ ബത്തയും സെപ്റ്റംബർ 1ന് മുമ്പ് ജീവനക്കാർക്ക് നൽകണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. ഇതിനായി കെഎസ്ആർടിസി ചോദിച്ച 103 കോടി രൂപ ഉടൻ സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ ഈ തുകകൊണ്ട് മാത്രം രണ്ടുമാസത്തെ ശമ്പളവും ഉത്സവബത്തയും നൽകാൻ ആവില്ല എന്നാണ് മാനേജ്മെന്റിന്റെ കണക്ക് കൂട്ടൽ. അതുകൊണ്ടുതന്നെ കെ എസ് ആർ ടി സി ശാശ്വത പരിഹാര പാക്കേജ് ആയി ആവശ്യപ്പെട്ട 250 കോടി രൂപയുടെ ഒരു ഗഡു കൂടി ലഭ്യമാക്കണമെന്ന് സർക്കാറിനോട് അഭ്യർഥിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ധനവകുപ്പിൽ നിന്ന് ഫയലുകൾ നീങ്ങാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യമുണ്ടെന്നും ധരിപ്പിക്കും.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി, യൂണിയൻ പ്രൊട്ടക്ഷൻ എന്നീ കാര്യങ്ങളിൽ നിലപാട് അംഗീകരിച്ചാലേ ശമ്പള വിതരണം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പു നൽകാനാകൂ എന്ന് നേരത്തെ സർക്കാറും മാനേജ്മെൻ്റും തൊഴിലാളി നേതാക്കളോട് വ്യക്തമാക്കിയിരുന്നു.എന്നാൽ ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ ഉരുത്തിരിഞ്ഞ പുതിയ സാഹചര്യവും ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയാകും
'തൊഴിലാളികളെ പട്ടിണിക്കിടാൻ പറ്റില്ല', ശമ്പളം നൽകാൻ 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാൻ സർക്കാരിനോട് കോടതി
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബർ ഒന്നിന് മുമ്പ് ഈ തുക നൽകണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹർജി പരിഗണിക്കവേ, സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉൾപ്പെടുത്തിയത്.
ശമ്പളം കൊടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടെന്നും, പത്ത് ദിവസം കൂടി സമയം വേണമെന്ന് മാനേജ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിക്കിടരുതെന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം. ശമ്പളം നൽകാൻ നടപടി വേണം. വേതന വിതരണത്തിന് അധിക സമയം വേണമെന്ന കെഎസ്ആർടിസിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പളം നൽകാൻ കൂടുതൽ സമയം നൽകണമെന്ന് സർക്കാരും ആവശ്യപ്പെട്ടു. പ്രവർത്തന മൂലധന സഹായം വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യത്തിന്മേൽ മറുപടി അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. സെപ്തംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
നേരെത്ത ഹർജി പരിഗണിച്ചപ്പോൾ കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിൽ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22 ന് അവസാനിച്ചിരുന്നു. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നായിരുന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചത്.
