കൊച്ചി: സംസ്ഥാനം ദുരിതപ്പേമാരിയിലായ സമയത്ത് വസ്ത്രങ്ങള്‍ സംഭാവന ചെയ്ത് നാടിന് മാതൃകയായ വസ്ത്രവ്യാപാരി നൗഷാദിനെ കണ്ട സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നൗഷാദിനെ കണ്ട കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

എറണാകുളം ജില്ലയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ പ്രളയബാധിതർക്കായി തുണിത്തരങ്ങൾ സംഭാവനചെയ്‌ത വഴിയോരക്കച്ചവടക്കാരൻ നൗഷാദിനെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി കുറിച്ചു. ഗസ്‌റ്റ്‌ഹൗസിലെത്തിയ നൗഷാദിനെ മുഖ്യന്‍ ചേർത്തുനിർത്തി.

സ്‌നേഹപൂർവം കുശലം തിരക്കി. ചെയ്‌ത നല്ലകാര്യത്തിന്‌ പ്രശംസിച്ചു. കൂടിക്കാഴ്‌ച കഴിഞ്ഞ്‌ പിരിയുമ്പോൾ നൗഷാദിനെ പുറത്തുതട്ടി യാത്രയാക്കി. ദുരിതബാധിതർക്കായി തന്നാലാകുന്നതൊക്കെ ചെയ്യണമെന്ന് വിചാരിക്കുന്ന നൗഷാദിനെപ്പോലുള്ളവർ നൽകുന്ന ഊർജം ചെറുതല്ലെന്നും പിണറായി വിജയന്‍ കുറിച്ചു.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കരുതെന്ന് ഒരുവിഭാഗം പ്രചരിപ്പിക്കുമ്പോള്‍ കൈയിലുള്ളതെല്ലാം വാരി നല്‍കിയാണ് തുണിക്കച്ചവടക്കാരനായ നൗഷാദ് മാതൃകയായി മാറിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ എറണാകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്.

വഴിയോരത്താണ് നൗഷാദിന്‍റെ കച്ചവടം. വസ്ത്രങ്ങള്‍ സൂക്ഷിച്ച മുറി തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം നൗഷാദ് ചാക്കുകളിലാക്കി കൊടുത്തു. മാലിപ്പുറം സ്വദേശിയാണ് നൗഷാദ്. ഇത്രയും വസ്ത്രങ്ങള്‍ വേണ്ടെന്ന് രാജേഷ് ശര്‍മ പറയുന്നുണ്ടെങ്കിലും നൗഷാദ് തുണി മുഴുവന്‍ ചാക്കിലാക്കി നല്‍കുകയായിരുന്നു.