കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി എം സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ കമ്പനിയായി എക്സാലോജിക്കിനെതിരായ കേന്ദ്രത്തിന്‍റെ അന്വേഷണ നീക്ക രാഷ്ട്രീയ പ്രേരിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ്. അതുകൊണ്ടുതന്നെ കേന്ദ്ര നീക്കം അവഗണിക്കാനും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി എം സെക്രട്ടേറിയേറ്റ്. നേരത്തെ തന്നെ സി പി എം നേതാക്കളും കേന്ദ്ര നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണവും വിവാദവും അവഗണിക്കാൻ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്.

'കേരളത്തോട് കേന്ദ്ര അവഗണന'; നിർണായക തീരുമാനമെടുത്ത് പ്രതിപക്ഷം, മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കും

അതിനിടെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര സർക്കാരിൻ്റെ അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്ന് സതീശൻ പറഞ്ഞു. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജൻസിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം പാർലമെന്റ് ഇലക്ഷന് മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നുവെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്നത് ക്രൂരമായ മർദനമാണ്. ഇത് ചരിത്രത്തിൽ ഇല്ലാത്ത മർദനമാണ്. കഴുത്തിനു പിടിച്ചും, കണ്ണിനു ലാത്തി വച്ചു കുത്തിയുമാണ് പ്രവർത്തകരെ പിടിച്ചു കൊണ്ട് പോയത്. പെൺകുട്ടികൾക്ക് പോലും മർദനം ഏൽക്കുന്ന സ്ഥിതിയുണ്ടായി. ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും. ഡിജിപിക്ക് നട്ടെല്ലില്ല. അതിക്രമം കാണിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്തുവിടും. ഇനിയും പ്രവർത്തകർക്ക് നേരെ അതിക്രമം ആവർത്തിച്ചാൽ ഇങ്ങനെ നേരിട്ടാൽ മതിയോ എന്ന് ആലോചിക്കും. ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു കോൺഗ്രസെന്നും സതീശൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം