സംസ്ഥാനത്തിൻ്റെ ആഭ്യന്തര സുരക്ഷ, കടമെടുപ്പ് പരിധി, ദേശീയപാത വികസനം, എയിംസ് ആവശ്യം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉന്നയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു
ദില്ലി: കേന്ദ്ര മന്ത്രിമാരുമായി ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്ക് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ ചർച്ചയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി നിര്‍മല സീതാരാമനുമായി നടന്ന ചർച്ചയിൽ ക്ഷേമ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാത്ത തുടരുന്നതിന് കടമെടുക്കൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ജി എസ് ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമായ സുപ്രധാന ഇടനാഴികൾ അനുവദിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. കാലതാമസം നേരിടുന്ന ദേശീയപാത 66 ന്‍റെ വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ആരോഗ്യമന്ത്രിയോട് എയിംസ് ആവശ്യം ഉന്നയിച്ചു
എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും വർദ്ധ്യക്യകാല ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ
സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി ഇന്ന് ഡൽഹിയിൽ വെച്ച് വിവിധ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിൻ്റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ സംബന്ധിച്ച് ചർച്ച നടന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി നടന്ന ചർച്ചയിൽ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങളും സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അറിയിച്ചു. ക്ഷേമ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാത്ത തുടരുന്നതിന് കടമെടുക്കൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ജിഎസ്ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കേരളത്തിൻ്റെ വികസനത്തിന് അത്യന്താപേക്ഷിതമായ സുപ്രധാന ഇടനാഴികൾ അനുവദിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. കാലതാമസം നേരിടുന്ന ദേശീയപാത-66 വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും വർദ്ധ്യക്യകാല ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള ചർച്ചയിൽ സംസാരിച്ചത്. എല്ലാ മന്ത്രിമാർക്കും കേരളത്തിന്റെ ആവശ്യങ്ങൾ വിശദീകരിക്കുന്ന മെമ്മോറണ്ടവും കൈമാറാൻ സാധിച്ചു.


