Asianet News MalayalamAsianet News Malayalam

ലോകായുക്ത ഭേദഗതി: മുഖ്യമന്ത്രിയും സിപിഐ നേതാക്കളും എകെജി സെൻ്ററിൽ ചര്‍ച്ച നടത്തി

ലോകായുക്ത നിയമ ഭേദഗതിയിൽ വിയോജിപ്പ് തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

CM Pinarayi met CPI leaders to
Author
Thiruvananthapuram, First Published Aug 21, 2022, 5:29 PM IST

തിരുവനന്തപുരം: നിയമ നിര്‍മ്മാണത്തിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ ലോകായുക്ത നിയമഭേദഗതിയിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്ത്. എകെജി സെൻ്ററിൽ സിപിഐ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നിയമമന്ത്രി പി.രാജീവും ചര്‍ച്ചയിൽ പങ്കുചേര്‍ന്നു.  സിപിഐയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനുമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ നേതാക്കൾ എകെജി സെൻ്ററിൽ നിന്നും മടങ്ങി. പിന്നാലെ മുഖ്യമന്ത്രിയും മന്ത്രി രാജീവും തിരിച്ചു പോയി. 

ലോകായുക്ത നിയമ ഭേദഗതിയിൽ വിയോജിപ്പ് തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ല് ഈ നിയമസഭാ സമ്മേളനത്തിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന്  11 ഓര്‍ഡിനൻസുകൾ റദ്ദായ അസാധാരണ സാഹചര്യമാണ് നിലവിൽ സര്‍ക്കാരിന് മുന്നിലുള്ളത്. സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ പോരാടുന്ന സ്ഥിതി വിശേഷം കേരള രാഷ്ട്രീയ ചരിത്രത്തിലും അപൂര്‍വ്വം. ലോകായുക്ത നിയമ ഭേദഗതിയിൽ സിപിഐ എതിര്‍പ്പ് എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന രാഷ്ട്രീയ ആകാംക്ഷയാണ് എല്ലാവര്‍ക്കമുള്ളത്. ഇതിനിടയിലാണ് പത്ത് ദിവസത്തെ പ്രത്യേക  നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകുന്നത്. 

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കൽ  അടക്കം ഭേദഗതികൾക്കെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ നിരയിൽ നിന്ന് ഉണ്ടാകും.  ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥയോട് തുടക്കം മുതൽ സിപിഐക്ക് എതിര്‍പ്പാണ്.  ഇതിന് പകരം സ്വതന്ത്ര ഉന്നതാധികാര സമിതി അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയിലുള്ളത്. എകെജി സെൻ്ററിൽ ഇന്ന് നടന്ന ചര്‍ച്ചയിൽ സിപിഐ ആവശ്യത്തോട് മുഖ്യമന്ത്രി എങ്ങനെ പ്രതികരിച്ചു എന്ന് വ്യക്തമല്ല. 

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് ശക്തമാകുന്നതിനിടെ സര്‍വ്വകലാശാല വൈസ് ചാൻസിലര്‍ നിയമനത്തിൽ ചാൻസിലറായ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതിയും നിയമസഭയിലെത്താനുള്ള സാധ്യതയുണ്ട് . നിലവിൽ പുറത്ത് വന്ന ലിസ്റ്റിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും  ഗവര്‍ണൺറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ല് വന്നാൽ അതിനെതിരെയും കനത്ത പ്രതിഷേധം സഭയിൽ ഉയര്‍ന്നു വന്നേക്കും . 

നിയമ നിര്‍മ്മാണത്തിന് ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ ഉള്ള ധാരണ. അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെ ആക്കേണ്ടി വന്നതെന്ന് സ്പീക്കര്‍ പ്രതികരിച്ചിരുന്നു. നാളെ തുടങ്ങി സെപ്തംബര്‍ രണ്ട് വരെയാണ് സമ്മേളനം. 

Follow Us:
Download App:
  • android
  • ios