Asianet News MalayalamAsianet News Malayalam

ആരും കൊവിഡ് ബാധിതർ ആയേക്കാം, പൊതുസ്ഥലങ്ങളിലെ കരുതൽ വീട്ടിനകത്തും വേണം; മുഖ്യമന്ത്രി

രോ​ഗലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വൈറസ് ബാധിച്ച്, രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാൽ അവർ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകർത്തിയേക്കാം.

cm pinarayi says covid prevention measures also taken in home
Author
Thiruvananthapuram, First Published Jun 23, 2020, 6:31 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതൽ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോ​ഗലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വൈറസ് ബാധിച്ച്, രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാൽ അവർ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകർത്തിയേക്കാം. അതുകൊണ്ടുതന്നെ, കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും കരുതൽ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങൾ പുറത്ത് കാണാത്തവരിൽ വലിയ രോഗപ്പകർച്ചയ്ക്ക് സാധ്യതയില്ലെന്നാണ് പറയുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നമ്മൾ വീടിന് പുറത്തിറങ്ങുമ്പോഴാണ് മാസ്ക് ധരിക്കുന്നത്. വീടുകളിൽ സാധാരണ പോലെയാണ്. വൈറസ് ബാധിച്ചിട്ടും രോഗലക്ഷണമില്ലാത്തവർ  വീട്ടിലേക്ക് വന്നാൽ അവർ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകർത്തിയേക്കാം. പൊതുസ്ഥലങ്ങളിലെ കരുതൽ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണം. 

അതിൽ ഏറ്റവും പ്രധാനം വൃദ്ധരും കുഞ്ഞുങ്ങളുമായി ഇടപെടുമ്പോഴാണ്. ആരും രോഗബാധിതരായേക്കാം എന്ന ധാരണ വേണം. ഇതിനേക്കാൾ ഗൗരവതരമായ പ്രശ്നം ഉറവിടം കണ്ടെത്താൻ പറ്റാത്തതാണ്. ഇത് സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായി എടുത്താൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ 40%-ത്തിൽ അധികമാണ്. കേരളത്തിലിത് 2 ശതമാനത്തിലും താഴെയാണ്. 98% കേസുകളിലും സോഴ്സ് കണ്ടെത്താനായി.

രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ സംസ്ഥാനത്ത് പലയിടത്തുമുണ്ട്. വിദഗ്ധർ പറയുന്നത് അതിൽ വലിയ ആശങ്ക വേണ്ടെന്നാണ്. കൊവിഡിന്‍റെ കാര്യത്തിൽ 60% കേസുകളിലും രോഗലക്ഷണങ്ങൾ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20% മിതമായ ലക്ഷണങ്ങളോടെയാണ്. തീവ്രലക്ഷണം ബാക്കി 20% രോഗികളിലാണ്. ഇതിൽ 5% പേരെ ഐസിയുവിലാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 141  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗമുക്തി നേടിയത് 60  പേരാണ്.    

Read Also: ഇന്ന് 141 കൊവിഡ് കേസുകള്‍; നൂറ് കടക്കുന്നത് തുടര്‍ച്ചയായ അഞ്ചാം ദിവസം...
 

Follow Us:
Download App:
  • android
  • ios