തിരുവനന്തപുരം: മാണി സി കാപ്പൻ എംഎൽഎയുടെ യുഡിഎഫ് പ്രവേശത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ നിയമസഭയിലേക്ക് അയച്ച പാലായിലെ ജനങ്ങളെ കാപ്പൻ വഞ്ചിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മറുപടി ജനങ്ങൾ തന്നെ കാപ്പന് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാണി സി കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോയതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു  മുഖ്യമന്ത്രിയുടെ പ്രതികരണം.

"അത് അദ്ദേഹത്തിന്റെ ഒരു മോഹം നടന്ന രീതിയല്ലേ കാണുന്നത്. ഞാനിപ്പോ ഒന്നും പറയേണ്ട കാര്യമില്ലാല്ലോ. അവിടെയുള്ള നാട്ടുകാര് അവിടെ അദ്ദേഹത്തെ നേരത്തെ എൽഡിഎഫ് എന്ന രീതിയിൽ സഹായിച്ചവര്, അവരെയൊക്കെ കാണാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അത് എൽഡിഎഫിനോട് കാണിച്ച വഞ്ചന മാത്രമല്ല, ആ നാട്ടിലെ ജനങ്ങളോടും തന്നെ തെരഞ്ഞെടുത്തവരോടും കാണിച്ച ഒരു വഞ്ചനയാണ്. അത് കൃത്യമായി ജനങ്ങൾ തന്നെ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്." മുഖ്യമന്ത്രി പറഞ്ഞു. 

Read Also: പിഎസ്‍സി സമരം ഇളക്കി വിടുന്നതിന് പിന്നിൽ പ്രതിപക്ഷത്തിന്‍റെ കുത്സിത നീക്കമെന്ന് മുഖ്യമന്ത്രി...