Asianet News MalayalamAsianet News Malayalam

Sandeep Murder : 'ഹീനം, അപലപനീയം'; കൊലപാതകത്തിന്റെ കാരണം അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായും കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ച് പുറത്ത് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു

CM pinarayi vijayan facebook post over cpm local secretary sandeep murder case
Author
Kerala, First Published Dec 3, 2021, 3:05 PM IST

തിരുവല്ല:  സിപിഎം (cpm) പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (cm pinarayi vijayan).കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായും കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ച് പുറത്ത് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം 

"പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത്  സിപിഐഎം  പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിൻ്റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു."

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെ‌ഞ്ചിൽ ഒമ്പത് വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേർ പിടിയിലായി. ഇന്ന് അഞ്ചാമനെയും പിടികൂടിയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ജിഷ്ണു രഘു, നന്ദു, പ്രമോദ്,  മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ. 

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരിൽ മൂന്ന് പേരെ ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്.. എടത്വായിൽ നിന്നാണ് അബിയെ പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. 
എന്നാൽ പൊലീസ് വാദങ്ങളെ തള്ളിയ സിപിഎം, രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ചു. 

സന്ദീപ് കൊലപാതകം; നാല് പ്രതികൾ പിടിയിൽ;പിടിയിലായത് ആലപ്പുഴ കരുവാറ്റയിൽ നിന്ന്

അതേ സമയം സിപിഎമ്മിന്റെ ആരോപണങ്ങളെ ബിജെപി തളളി. കൊലക്കേസിൽ പൊലീസിന്റെ പിടിയിലായ പ്രതികളിൽ രണ്ട് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. സംഘപരിവാറിന് കൊലപാതകവുമായി ബന്ധമില്ലെന്നും ബിജെപി ആവർത്തിച്ചു. 
 

 

Follow Us:
Download App:
  • android
  • ios