Asianet News MalayalamAsianet News Malayalam

ബില്ലുകൾ പിടിച്ചുവെക്കുന്ന ഗവർണർക്കെതിരെ സുപ്രീം കോടതിയിലേക്ക്: നയം വ്യക്തമാക്കി മുഖ്യമന്ത്രി

ഗവർണർ ഒപ്പിടേണ്ട 8 ബില്ലുകൾ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു

CM Pinarayi Vijayan govt to move supreme court against Governor on Bill delay kgn
Author
First Published Sep 27, 2023, 7:06 PM IST

തിരുവനന്തപുരം: ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം അതിനായി തേടും. ഫാലി എസ് നരിമാന്റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ഒപ്പിടേണ്ട 8 ബില്ലുകൾ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായി. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ നിയമ നിർമ്മാണം നിയമസഭകളുടെ ചുമതലയാണ്. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ബില്ലുകളിൽ വിശദീകരണം ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം നൽകിയതാണ്. എന്നിട്ടും തീരുമാനമായില്ല. 

വൈസ് ചാൻസലർ നിയമനമടക്കം സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. ബില്ലുകൾ പിടിച്ചുവെക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാവില്ല. ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതാണ്. നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios