തിരുവനന്തപുരം: ഒന്നും നടക്കില്ലെന്ന അനുഭവം കേരളത്തിൽ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായിടവും ഒരു പോലെ വികസിക്കുക എന്നതാണ് സർക്കാർ നയമെന്നും കൊല്ലത്തു തുടങ്ങിയ കേരള പര്യടന പരിപാടിയുടെ വേദിയിൽ പിണറായി പ്രഖ്യാപിച്ചു. സാമൂഹിക സംഘടനാ പ്രതിനിധികളും വ്യവസായികളുമടക്കം പങ്കെടുത്ത സംവാദത്തിൽ നിന്ന് എൻഎസ്എസ് വിട്ടുനിന്നു.

നവകേരളമെന്ന ലക്ഷ്യം. പിണറായി എന്ന നായകൻ. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  നിലമൊരുക്കൽ വേദിയായിരുന്നു കൊല്ലം. വികസനത്തിലൂന്നിയുള്ള ചുരുങ്ങിയ വാക്കുകളിൽ ആമുഖപ്രസംഗമവസാനിപ്പിച്ച പിണറായി തുടർന്നുള്ള രണ്ടു മണിക്കൂർ നേരം കേൾവിക്കാരനായി. അതിഥികളുടെ ആശയങ്ങൾ കുറിച്ചെടുത്തു.

ശബരിമല വിവാദ നാളുകൾ മുതൽ സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസ് ദേവസ്വം ബോർഡ് നടത്തിപ്പിലെ പ്രശ്നങ്ങളും മുന്നോക്ക സംവരണം നടപ്പാക്കുന്നതിലെ വീഴ്ചകളും ഉയർത്തിയാണ് യോഗത്തിൽ നിന്ന് വിട്ടു നിന്നത്. അതേ സമയം എസ് എൻ ഡി പി യും, ക്രൈസ്തവ മുസ്ലിം  മത നേതാക്കളും പങ്കെടുത്തു. മൽസ്യതൊഴിലാളി, കശുവണ്ടി വ്യവസായ മേഖലകളിൽ നിന്നടക്കം കൊല്ലത്തെ പല മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.