Asianet News MalayalamAsianet News Malayalam

അടിയന്തര ഇടപെടൽ വേണം, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ മോചനത്തിന് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

CM Pinarayi Vijayan letter to union foreign ministry seeks urgent intervention iran ship issue
Author
First Published Apr 14, 2024, 10:52 PM IST

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി. ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനാണ് കത്തയച്ചത്. ഇന്ത്യാക്കാരുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ വേണമെന്നും കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശത്രുവിനെ പാഠം പഠിപ്പിച്ചു, സൈന്യത്തിന് പ്രശംസ, ആക്രമണം അവസാനിച്ചെന്നും ഇറാൻ; ‘ഇനി ഇസ്രയേലിന് തീരുമാനിക്കാം'

ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. ഇതിൽ നാല് മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരാണ്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.

അതിനിടെ കപ്പലിലെ മലയാളി ജീവനക്കാരടക്കം എല്ലാവരും സുരക്ഷിതരാണെന്ന വിവരം പുറത്തുവന്നിരുന്നു. കപ്പലിൽ അകപ്പെട്ട വയനാട് സ്വദേശിയായ പി വി ധനേഷാണ് വീട്ടിലേക്ക് വിളിച്ച് ഇക്കാര്യം പറഞ്ഞത്. കപ്പലിലെ എല്ലാവരും സേഫാണ് എന്ന് മാത്രമാണ് ധനേഷ് പറഞ്ഞതെന്നും അതിന് ശേഷം ഫോണ്‍ കട്ടായെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

അതേസമയം ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്‍റ് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച് കൊണ്ടാണ് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി ആക്രമണം അവസാനിച്ചെന്ന് ആവർത്തിച്ച് വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇക്കാര്യത്തിൽ ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. ആക്രമണത്തിൽ ലക്ഷ്യമിട്ടത് ഇസ്രയേലിന്‍റെ സൈനിക താവളങ്ങൾ ആയിരുന്നുവെന്നും റെയ്സി വിവരിച്ചു.

പ്രസിഡന്‍റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി വ്യക്തമാക്കി രംഗത്തെത്തി. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്‌പ്പാടിൽ അവസാനിച്ചെന്നും ഇനി ഇസ്രയേൽ  പ്രതികരിച്ചാൽ മാത്രം മറുപടിയെന്നുമാണ് ഇറാൻ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്.

ഇന്ന് രാവിലെയാണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍റെ ആക്രമണത്തോട് ഇസ്രയേല്‍ പ്രതികരിച്ചത്. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios