തിരുവനന്തപുരം: ശബരിമലയിൽ സർക്കാ‍ർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സർക്കാർ നിലപാട് ആദ്യം മുതലേ വ്യക്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിൽ വിശ്വാസികൾക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവർ വഞ്ചിക്കുകയല്ലേ ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സിപിഎം സംസ്ഥാനസമിതി 'സ്വയം തെറ്റുതിരുത്തുക'യല്ല ചെയ്തത്. ശബരിമല വിവാദവിഷയമായ കാലത്ത് വിശ്വാസികളുടെ അവകാശികളെന്ന് പറയുന്നവർ സർക്കാരിനും പാർട്ടിക്കുമെതിരെ പ്രചാരണം നടത്തി. ആ പ്രചാരണത്തെ നേരിടുന്നതിൽ കൃത്യമായ ജാഗ്രതയുണ്ടായില്ല. അതാണ് പാർട്ടിയിലുണ്ടായ സ്വയം വിമർ ശം - മുഖ്യമന്ത്രി പറഞ്ഞു.  

 ''പാർട്ടി ഒരിക്കലും വിശ്വാസികൾക്കെതിരായിരുന്നില്ല. ഈ കൂടിയിരിക്കുന്നതിൽ വിശ്വാസികളുമുണ്ട്. വിശ്വാസികൾ കൂടി അണിനിരന്ന മുന്നണിയാണിത് എന്നാണ്, ശബരിമല വിവാദമായതിന് ശേഷം നടന്ന എല്ലാ പൊതു സമ്മേളനങ്ങളിലും ഞാൻ ആവർത്തിച്ചത്'', മുഖ്യമന്ത്രി. 

ഭരണഘടന പൊളിച്ചെഴുതണം എന്നാഗ്രഹമുള്ളവരുണ്ടാകും. എന്നാൽ സുപ്രീംകോടതിയുടെ അന്തിമവിധി മറികടന്ന് ഇപ്പോൾ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവർ ഇപ്പോഴെവിടെ? കേന്ദ്രമന്ത്രിമാർ തന്നെ പറഞ്ഞല്ലോ നിയമം കൊണ്ടുവരാനാകില്ലെന്ന്. അവരെ വിശ്വസിച്ചവരെ വഞ്ചിക്കുകയല്ലേ ചെയ്തത്? - മുഖ്യമന്ത്രി ചോദിച്ചു. 

വനിതാമതിൽ എന്നത് ലോകം ശ്രദ്ധിച്ച വനിതാമുന്നേറ്റമായിരുന്നു. അതിനെതിരെ ഇഷ്ടക്കേട് മനസ്സിൽ വച്ചവർ വനിതാമതിൽ നടന്ന് പിറ്റേന്ന് തന്നെ രണ്ട് സ്ത്രീകൾ ശബരിമലയിൽ കയറിയപ്പോൾ, സർക്കാരിനെതിരെ വൻ പ്രചാരണം അഴിച്ചു വിട്ടു. ഇതിന് മാധ്യമങ്ങളും നല്ല പങ്ക് വഹിച്ചു - മുഖ്യമന്ത്രി പറഞ്ഞു. 

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രത്യേകിച്ച് ക്ഷീണമൊന്നും വരാനില്ല. എല്ലാ തെരഞ്ഞെടുപ്പിലും ഭരണത്തിന്‍റെ വിലയിരുത്തൽ നടക്കും. പാലാ ഉപതെരഞ്ഞെടുപ്പും ഭരണത്തിന്‍റെ വിലയിരുത്തൽ തന്നെയാകും. നിലവിൽ യുഡിഎഫ് ക്യാമ്പിൽ സ്ഥാനാർത്ഥിയാരെന്നതിൽ ഇതുവരെ തീരുമാനവുമായിട്ടില്ല. വലിയ തർക്കവും നടക്കുകയാണ്. അതിലൊന്നും ഞാൻ അഭിപ്രായം പറയാനില്ല. പക്ഷേ, എൽഡിഎഫിന് മികച്ച പ്രതീക്ഷ തന്നെയാണുള്ളത് - എന്ന് മുഖ്യമന്ത്രി.  

 ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂപ്പുകുത്തിയ വോട്ട് ശതമാനവും, ഞെട്ടിക്കുന്ന സീറ്റ് നഷ്ടവും കണക്കിലെടുത്ത്, 'ശബരിമല' രാഷ്ട്രീയലൈനിൽ തിരുത്തൽ വേണമെന്ന് സിപിഎം തന്നെ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതാണെന്ന് തിരിച്ചറിഞ്ഞ സിപിഎം തിരുത്തൽ പ്രഖ്യാപിച്ചുകഴിഞ്ഞു. വിശ്വാസ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങാനുള്ള പാർട്ടി തീരുമാനത്തിൽ പല തലങ്ങളിലുള്ള പ്രതിഫലനങ്ങൾ പലതാണ്.

മുഖ്യമന്ത്രി നേരിട്ട് മുൻകൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവർത്തനം തന്നെ  അനിശ്ചിതാവസ്ഥ യിലാണ്. മാറിമറിഞ്ഞ സിപിഎം നിലപാടിൽ നവോത്ഥാന സംരക്ഷണ സമിതിയിൽത്തന്നെ വിള്ളലുണ്ട്. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒപ്പം നടക്കില്ലെന്ന് സമിതി കൺവീനർ പുന്നല ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പുന്നല തെറ്റിദ്ധരിച്ചതാണെന്നാണ് സിപിഎം അതിന് നൽകിയ മറുപടി.