Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ്, 5149 പേർക്ക് രോഗമുക്തി; കർശന മുന്നറിയിപ്പുകളുമായി മുഖ്യമന്ത്രി

4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യപ്രവർത്തകരാണ്. 

cm pinarayi vijayan press meet covid updates
Author
Thiruvananthapuram, First Published Nov 24, 2020, 6:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 

മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 59,52,883 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2095 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 592 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 796, എറണാകുളം 447, തൃശൂര്‍ 542, കോഴിക്കോട് 487, കൊല്ലം 459, കോട്ടയം 459, പാലക്കാട് 234, ആലപ്പുഴ 372, തിരുവനന്തപുരം 265, കണ്ണൂര്‍ 209, പത്തനംതിട്ട 145, ഇടുക്കി 93, വയനാട് 92, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 441, കൊല്ലം 97, പത്തനംതിട്ട 100, ആലപ്പുഴ 254, കോട്ടയം 463, ഇടുക്കി 49, എറണാകുളം 450, തൃശൂര്‍ 924, പാലക്കാട് 443, മലപ്പുറം 617, കോഴിക്കോട് 782, വയനാട് 111, കണ്ണൂര്‍ 317, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,412 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,05,238 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ആനങ്ങാനാടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പട്ടിത്തറ (16), കോട്ടയം ജില്ലയിലെ അയര്‍കുന്നം (2), പത്തനംതിട്ട ജില്ലയിലെ പ്രമദം (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 556 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇപ്പോഴത്തെ സാഹചര്യം കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതാണ്. മഹാമാരി ലോകത്ത് മറ്റ് പ്രദേശങ്ങളിൽ വ്യാപിച്ചത് എങ്ങിനെയെന്ന അനുഭവം പ്രധാനമാണ്. പലയിടത്തും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും വ്യാപനമുണ്ടായി. ഇത് രൂക്ഷവുമായിരുന്നു. രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തിൽ ജാഗ്രതയിൽ വീഴ്ച സംഭവിക്കുന്നതും ആളുകൾ അടുത്ത് ഇടപഴകുമ്പോഴുമാണ് രോഗം ഉച്ഛസ്ഥായിയിൽ എത്തുന്നത്. അതുകൊണ്ട് ജനം ശ്രദ്ധ കൈവിടരുത്.

യൂറോപ്പിലും അമേരിക്കയിലുമുണ്ടായ രണ്ടാം തരംഗത്തിന്റെ പഠനത്തിൽ, രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഭക്ഷണശാലകളും പബുകളുമാണ്. ഈ ഘട്ടത്തിൽ കേരളത്തിൽ വലിയ ശ്രദ്ധ കൊടുക്കണം. നിയന്ത്രണങ്ങളും മുൻകരുതലും പാലിക്കാതെ വലിയ ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവർത്തിക്കുന്നു. അവർക്കെതിരെ നടപടിയെടുക്കും.

അടച്ചിട്ട എസി മുറികളിൽ അകലമില്ലാതെ ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ഹോട്ടലുകളിൽ ആളുകൾ തിങ്ങിനിറയാതെ കട നടത്തിപ്പുകാർ നോക്കണം. വഴിയോര ഭോജനശാലകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല.ഏറ്റവും കൂടുതൽ ഭക്ഷണ ശാലകളുള്ള സ്ഥലമാണ് കേരളം. അടുത്ത തരംഗത്തിന്റെ കേന്ദ്രമായി ഹോട്ടലുകൾ മാറിയേക്കും. അതിന് ഇടവരുത്തരുത്. ജാഗ്രതയോടെ മാത്രമേ ഹോട്ടലുകൾ നടത്താനും അവിടം സന്ദർശിക്കാനും പോകാവൂ. പ്രായാധിക്യവും മറ്റ് രോഗാവസ്ഥയും ഉള്ളവരിലാണ് രോഗം മാരകമാവുന്നത്. ഇത് കരുതലോടെ മുന്നോട്ട് കൊണ്ടുപോകണം. എല്ലാവരും ഇത് ശ്രദ്ധിക്കണം. 

തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ ഇക്കാര്യം എല്ലാ പ്രവർത്തകരും പ്രത്യേക കരുതലോടെ ശ്രദ്ധിക്കണം. ആശുപത്രി വാസങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് ഈ കരുതൽ സഹായകരമാകും. രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യം ഉണ്ടായാൽ പൊതുപരീക്ഷയിലൂടെ മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം വിദഗ്ദ്ധരുമായി വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഉടനടി തീരുമാനം എടുക്കില്ല.
ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഇന്നത്തെ നിലയിൽ ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. രോഗവ്യാപന തോത് ഇതേപോലെ കുറയുകയും പുരോഗതിയുണ്ടാവുകയും ചെയ്താൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കിും മുൻകരുതൽ പാലിച്ച് ക്ലാസ് എടുക്കാനാവുമോയെന്ന് പരിശോധിക്കും. 

ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലേറെ പേർക്ക് കൊവിഡ് ബാധയുണ്ടായി. നിശ്ചിത ശതമാനം രോഗികളിൽ കൊവിഡ് നെഗറ്റീവായ ശേഷവും ശാരീരിക വിഷമതകളുണ്ട്. രോഗം ശക്തമായവരിലാണ് ഈ ബുദ്ധിമുട്ട്. പല അവയവങ്ങൾക്കും സംഭവിച്ച ആഘാതങ്ങളാണ് ഇതിന് കാരണം. അവയുടെ കേടുപാട് പരിഹരിച്ച് പൂർവ സ്ഥിതിയിലാകാൻ സമയം എടുക്കും. രോഗം മാറിയാലും നല്ല ഭക്ഷണവും കൃത്യമായ ഉറക്കവും പാലിച്ച് വിശ്രമിക്കണം. ആരോഗ്യം വീണ്ടെടുത്ത ശേഷമേ ജോലിക്ക് പോകാവൂ.

തീർത്ഥാടന കേന്ദ്രങ്ങളിലെ കൊവിഡ് നിയന്ത്രണം ആരോഗ്യമേഖലയിലെ വിദഗ്ദ്ധരോട് ചർച്ച ചെയ്താണ് എടുത്തത്. രോഗവ്യാപനം ഇല്ലാതെ തീർത്ഥാടനം ഒരുക്കാനാണ് ശ്രമം. തീർത്ഥാടകർ മുൻകരുതലിനോട് പൂർണമായും സഹകരിക്കണം. രോഗം വ്യാപിക്കാതെ ശ്രദ്ധിക്കണം. രോഗം പടരാതിരിക്കാൻ മാസ്ക് കൃത്യമായി ധരിക്കണം. സ്നാന ഘട്ടങ്ങളിൽ കൂട്ടമായി കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഇതുകൊണ്ടാണ്. അന്നദാനം ശാരീരിക അകലം പാലിച്ച് നടത്താനും ശ്രമം നടക്കുന്നുണ്ട്. ശബരിമല തീർത്ഥാടകർ മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരുമായി ഇടകലരാതെ ഇരിക്കാൻ ശ്രമിക്കണം. കൊവിഡ് ബാധ മാറിയ ശേഷം വരുന്നവർ ലക്ഷണങ്ങൾ പൂർണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ.
നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കാണ് നിലവിൽ പ്രവേശനം. നിലക്കലിൽ നടന്ന ടെസ്റ്റുകളുടെ ഫലം പരിശോധിക്കുമ്പോൾ ആയിരത്തിൽ അഞ്ച് പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇത് ശബരിമല തീർത്ഥാടനം സുരക്ഷിതമായി നടത്താമെന്ന ആത്മവിശ്വാസം നൽകുന്നു.

ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം നടത്തി. കൊവിഡിൽ കേരളം സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളെയും സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് സർക്കാർ നടത്തുന്ന പ്രതിരോധം ഫലപ്രദമാണ്. സിഎഫ്എൽടിസികൾ വ്യാപകമായി തുറന്നത് ആശുപത്രിക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാനായി. നിലവിൽ ആശുപത്രികളിലെ കിടക്കകൾക്ക് പുറമെ 120000 കിടക്കകൾ പുതുതായി ഏർപ്പെടുത്തി. ഒക്ടോബർ രണ്ടാം വാരത്തിന് ശേഷം പുതിയ രോഗികളുടെ എണ്ണം കുറയുന്നു. ഇതുവരെ 5.66 ലക്ഷം പേർ കൊവിഡ് ബാധിതരായി. 5 ലക്ഷം പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് കേരളത്തിൽ ഉയരുന്നുണ്ട്. മരണ നിരക്ക് 0.4 ശതമാനത്തിൽ താഴെയെത്തി.

സംസ്ഥാനത്തെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. 15ാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശം സംസ്ഥാന താത്പര്യം കണ്ടാവണം. ദുരിതാശ്വാസ നിധി വിനിയോഗിക്കുന്നതിന് കൂടുതൽ ഇളവ് വേണം. 

കിഫ്ബി: മുഖ്യമന്ത്രിയുടെ വിശദീകരണം

സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് കിഫ്ബി. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. ചില വാദങ്ങൾ ചിലർ ഉയർത്താൻ ശ്രമിക്കുന്നു. ധനകാര്യ മന്ത്രി വിശദമായി കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ആവർത്തിച്ച് പറയാനുള്ളത്, കിഫ്ബിയെ തകർക്കാനുള്ള നിലപാട് നാട് അംഗീകരിക്കില്ല. കേരളത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണത്. സാധാരണ കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ ഉണ്ടാകാറില്ല. അങ്ങിനെ ഉണ്ടായത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെയും സർക്കാരിനെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികൾക്ക് പിന്നാലെ സിഎജിയും വന്നു. ഇതിനൊന്നും വഴങ്ങുന്ന പ്രശ്നമേയില്ല.

കിഫ്ബി ഈ എൽഡിഎഫ് സർക്കാർ സ്ഥാപിച്ചതല്ല. 1999 ൽ അന്നത്തെ ഇടത് സർക്കാരാണ് ഇത് സ്ഥാപിച്ചത്. അന്ന് മുതൽ 2016 വരെ കിഫ്ബി മൂന്ന് തവണ ധനസമാഹരണം നടത്തിയിട്ടുണ്ട്. ഒരു തവണ ഇടത് സർക്കാരിന്റെ കാലത്തും രണ്ട് തവണ പിന്നീട് വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. 1999ലാണ് ആദ്യമായി കടം എടുത്തത്. അന്ന് 13.25 ശതമാനം പലിശയായിരുന്നു. 507.06 കോടി എടുത്തു. പിന്നീട് 2002 ൽ 10.05 ശതമാനം പലിശക്ക് 10.74 കോടി എടുത്തു. 2003 ൽ 11 ശതമാനം പലിശക്ക് 505.91 കോടി എടുത്തു. അന്ന് കടമെടുത്ത പണം സംസ്ഥാന ട്രഷറിയിൽ ഇടാമായിരുന്നു. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിന്റെ ദൈനംദിന ചെലവിനായിഈ തുക ചെലവാക്കി. അതുകൊണ്ട് കിഫ്ബി പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞില്ല.

ഇപ്പോൾ കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമായ സ്ഥാപനമാണ്. അല്ലെന്നത് വ്യാജപ്രചാരണമാണ്. ഒരു സ്ഥാപനം അതിന്റെ വാർഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സർക്കാർ ഖജനാവിൽ നിന്നും കിട്ടുന്നുവെങ്കിൽ സിഎജി ഓഡിറ്റിന് വിധേയമാണ്. അതിന് ആരുടെയും അനുവാദം വേണ്ട. ഇത് പ്രകാരം ഈ സർക്കാരിന്റെ കാലത്ത് നാല് തവണ ഓഡിറ്റ് നടന്നിട്ടുണ്ട്. ഇത് വ്യക്തമായപ്പോ പുതിയ വാദമാണ് ചിലർ ഉയർത്തുന്നത്.

കിഫ്ബിയുടെ വാർഷിക ചെലവ് ഇനിയും ഉയരുമല്ലോ. അപ്പോൾ 75 ശതമാനം വരവ് സർക്കാരിൽ നിന്നാവില്ലല്ലോ. അപ്പോ സിഎജി ഓഡിറ്റിൽ നിന്ന് പുറത്താകുമല്ലോ. ഒരിക്കൽ തുടങ്ങിയാൽ ശതമാന കണക്കിൽ താഴ്ന്നാലും തുടർന്നും ഈ ഓഡിറ്റ് തുടരാം. അത് കഴിഞ്ഞാൽ സിഎജി ഓഡിറ്റ് തുടരണമെന്ന് സർക്കാരിന് സിഎജിയോട് ആവശ്യപ്പെടാം. ഇത് വ്യക്തമാക്കി സർക്കാർ നേരത്തെ കത്ത് നൽകി. ഓഡിറ്റിന് തടസമില്ല. തുടർന്നുള്ല വർഷങ്ങളിൽ കിഫ്ബി നിർജീവമായി. 2014-15 ലാണ് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് സ്വരൂപിക്കാൻ തീരുമാനമായത്. ഈ ശ്രമം തുടങ്ങും മുൻപ് ഭരണം മാറി. 2016 ൽ ഇടത് സർക്കാർ അധികാരത്തിലെത്തി. ഈ സർക്കാർ പോരായ്മകൾ തിരിച്ചറിഞ്ഞു. 

സമഗ്രമായ മാറ്റങ്ങൾ നടപ്പാക്കി. ആധുനിക വിപണിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള പരിഷ്കാരങ്ങൾ 2016 ലെ ഭേദഗതി ആക്ടിൽ കൊണ്ടുവന്നു. അതിപ്രഗത്ഭമായ ബോർഡാണ് കിഫ്ബിയെ നിയന്ത്രിക്കുന്നത്. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ പ്രാവീണ്യമുള്ള സ്വതന്ത്ര അംഗങ്ങളും സർക്കാർ പ്രതിനിധികളും തുല്യ അനുപാതത്തിൽ ഉൾപ്പെട്ടതാണ് കിഫ്ബി ബോർഡ്. 

ശക്തമായ നിയന്ത്രണ സംവിധാനമാണ് കിഫ്ബിക്ക് ഉള്ളത്. പഴയ കിഫ്ബിയിൽ, സമാഹരിച്ച പണം വകമാറ്റി സർക്കാരിന്റെ ദൈനംദിന ചെലവിന് ഉപയോഗിച്ചിരുന്നു. ഇതിന് പരിഹാരമായി ഭേദഗതിയിലൂടെ സമാഹരിക്കപ്പെട്ട പണം സർക്കാർ ഖജനാവിൽ നിന്ന് മാറ്റി. വിവേകപൂർണമായ നടപടിയായിരുന്നു ഇത്. നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി മോട്ടോർ വെഹികിൾ ടാക്സിന്റെ 50 ശതമാനവും പെട്രോളിയം സെസും കിഫ്ബിക്ക് അനുവദിച്ചു. ഇതാണ് കിഫ്ബിയുടെ പ്രധാന മാറ്റം. ഇതുമായി ബന്ധപ്പെട്ട ഭേദഗതി നിയമം ഐകകണ്ഠേനയാണ് സഭ പാസാക്കിയത്.

മുൻ സിഎജി ആയ വിനോദ് റോയിയാണ് എഫ് ടാക് ചെയർമാൻ. ഓരോ ആറ് മാസം കൂടുമ്പോഴും വിശ്വാസ്യതാ സർട്ടിഫിക്കറ്റ് നൽകുകയാണ് എഫ് ടാകിന്റെ ചുമതല. കിഫ്ബിയിൽ വരുന്ന പദ്ധതികൾ ബജറ്റിലൂടെ നിയമസഭയിൽ അവതരിപ്പിക്കുന്നവയാണ്. ബജറ്റിൽ പ്രഖ്യാപിക്കാത്ത പദ്ധതികൾ മന്ത്രിസഭയുടെ അനുമതിയോടെയാണ് കിഫ്ബിയുടെ പരിഗണനയിൽ വരുന്നത്. ഇതല്ലാത്ത ഒരു പദ്ധതിയും ഇല്ല.

കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കിഫ്ബിയുടെ സ്പർശമുണ്ട്. 2020 ലെ സമ്പൂർണ ഓഡിറ്റ് സിഎജി പുറത്തിറക്കി. എട്ട് മാസത്തെ ഓഡിറ്റിനുള്ള എല്ലാ സൗകര്യവും കിഫ്ബി സിഎജിക്ക് ചെയ്തുകൊടുത്തിരുന്നു. ലോക്ക്ഡൗണിൽ പോലും ഓഡിറ്റ് നടന്നു. എക്സിറ്റ് മീറ്റിന് ശേഷവും സിഎജി കിഫ്ബി ഫയലുകൾ ഓൺലൈനായി പരിശോധിച്ചു. അതും അനുവദിച്ചു. നാടിനെ തകർക്കാമെന്നും വികസന പ്രവർത്തനം തടയാമെന്നും ധരിക്കുന്നവർക്ക് വഴങ്ങില്ല. ഈ നാടിന്റെ മുന്നേറ്റം കിഫ്ബി വഴി ഉണ്ടായതാണ്. അതാണ് അട്ടിമറിക്കുന്നത്. അപവാദം പ്രവചിക്കുന്നവർ നാട് നശിച്ചുകാണാൻ ആഗ്രഹിക്കുന്നവർ. അവർ ശത്രുക്കളാണ്. അവർക്ക് വഴങ്ങില്ല. പ്രതിപക്ഷ നേതാവ് എതിത്താലും ഹരിപ്പാടെ കിഫ്ബി വികസന പദ്ധതികൾ ഉപേക്ഷിക്കില്ല. ഞങ്ങൾ നാടിനെയും ജനത്തെയും കാണുന്നു. സാമ്പത്തിക പ്രതിസന്ധിയുടെയും വെല്ലുവിളിയുടെയും മുന്നിൽ നിസഹായരായി നിൽക്കാനല്ല ജനം ഞങ്ങളെ തെരഞ്ഞെടുത്തത്. നാട് മുരടിക്കാതെ വികസനം സാധ്യമാക്കാനുള്ള ഉപാധിയാണ് കിഫ്ബി. അത് ഈ നാടിന്റെ ആവശ്യമാണ്.

കേരളം പൊലീസ്ക് ആക്ട് ഓർഡിനൻസ് പിൻവലിക്കാൻ ശുപാർശ: മുഖ്യമന്ത്രി

ഇന്ന് മന്ത്രിസഭാ യോഗം ചേർന്നു. 118 എ വകുപ്പ് കൂട്ടിച്ചേർത്ത് പുറപ്പെടുവിച്ച ഓർഡിനൻസ് പിൻവലിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നത്. വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയർന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നൽകുമെന്നും ദുരപയോഗം ചെയ്യുമെന്ന അഭിപ്രായവും സർക്കാർ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനിൽക്കുന്ന സാഹചര്യത്തിൽ നിയമ ഭേദഗതി പിൻവലിക്കാനാണ് തീരുമാനിച്ചത്.

ഭേദഗതി കൊണ്ടുവരാൻ ഇടയാക്കിയ സംഭവങ്ങൾ ആരും മറന്നുകാണില്ല. അന്നെല്ലാം ചൂണ്ടിക്കാണിച്ചത് നിയമത്തിന്റെ അപര്യാപ്തതയായിരുന്നു. അതുകൊണ്ട് ആളുകൾ നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാവുന്നു, ഇതൊഴിവാക്കണം എന്നൊക്കെ മാധ്യമങ്ങൾ അടക്കം ചർച്ച ചെയ്യുകയും അഭിപ്രായം പ്രകടിപ്പിക്കുകയും. മാധ്യമ മേധാവിമാരുടെ യോഗത്തിലും ഈ അഭിപ്രായം ഉയർന്നു. നൂറ് കണക്കിന് ഉദാഹരണങ്ങൾ നാടിന്റെ മുന്നിലുണ്ട്. സ്ത്രീകളെ അധിക്ഷേപിക്കുക, അപകീർത്തി പെടുത്താൻ ശ്രമിക്കുക, ട്രാൻസ്ജെന്റേർസിനെ അധിക്ഷേപിക്കുക എന്നൊക്കെയുണ്ടായി. ഇത് തടയണമെന്ന ആവശ്യം പ്രതിപക്ഷത്ത് നിന്നടക്കം ഉയർന്നു. ഇത്തരം ചില സംഭവങ്ങളുടെ ഭാഗമായി ആത്മഹത്യ പോലും ഉണ്ടാകുന്ന നില നാട്ടിലുണ്ടായി.

ജീവിതം താറുമാറായ ചില സംഭവങ്ങളുണ്ട്. ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി ജീവിതം നഷ്ടപ്പെട്ടവർ അടക്കം ഉണ്ടായി. പ്രതിപക്ഷ നേതാവടക്കം ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസാരിച്ചു. മാധ്യമ മേധാവികളെ ഒരു പ്രത്യേക വിഷയത്തിൽ ഒരു ഘട്ടത്തിൽ വിളിച്ച് ആലോചിച്ചു. അന്ന് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശമായി വന്നത് ഇതായിരുന്നു. 

ഈ അഭിപ്രായം പരിഗണിച്ചാണ് നിയമ ഭേദഗതി തയ്യാറാക്കിയത്. നിയമം നിലവിൽ വന്നപ്പോൾ അത് ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ഇടത് സർക്കാരിനെ പിന്തുണച്ചവരടക്കം ഉണ്ടായിരുന്നു. മാധ്യമ മേധാവികളുടെ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചവർ അവരുടെ മാധ്യമങ്ങളിൽ മുഖപ്രസംഗങ്ങളിൽ നിയമത്തെ വിമർശിച്ചു. സർക്കാരെന്ന നിലയിൽ ആശങ്ക പരിഗണിക്കാതെ കഴിയില്ല. ഏതെങ്കിലും പൊതു അഭിപ്രായത്തെ വിലക്കുകയോ മാധ്യമത്തെ തടുത്ത് നിർത്തുന്നതും സർക്കാരിന്റെ ലക്ഷ്യമല്ല. ഇടത് സർക്കാർ അധികാരത്തിലുള്ളപ്പോവും ഇല്ലാത്തപ്പോഴും തുടർച്ചയായി എതിർത്ത കുറേ മാധ്യമങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. ഏതെങ്കിലും ഇടത് സർക്കാർ ഏതെങ്കിലും ശത്രുതാ പരമായ നിലപാട് മാധ്യമങ്ങളോട് സ്വീകരിച്ചിട്ടില്ല. ഇനിയും ചെയ്യില്ല.

മാധ്യമങ്ങളുടെ വിമർശനം ശത്രുതാ പരമല്ല. മാധ്യമങ്ങളുടെ ചില വിമർശനം തെറ്റായാലും ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. നിയമം സദുദ്ദേശത്തോടെ ഉണ്ടാക്കിയതാണ്. ദുരുപയോഗം ചെയ്യപ്പെടുമെന്ന് സർക്കാരിനൊപ്പമുള്ളവർ അടക്കം അഭിപ്രായപ്പെട്ടപ്പോൾ ഏറ്റവും അടുത്ത അവസരത്തിൽ തന്നെ അത് പിൻവലിക്കാനുള്ള ഓർഡിനൻസും ഇറക്കി.

Follow Us:
Download App:
  • android
  • ios