തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ  മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.  പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടിനു നേരെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നു. സ്വയരക്ഷക്കു വേണ്ടിയാണ് തിരിച്ചു വെടിയുതിര്‍ത്തത്. അതിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 

നിരോധിത സംഘടനയിൽ പെട്ടവരെ എല്ലാം വെടിവെച്ചു കൊല്ലൽ സർക്കാർ നയം അല്ല. മാവോയിസ്റ്റുകൾക്ക് വല്ലാത്ത പരിവേഷം ചാർത്തരുത്. മാവോയിസ്റ്റുകൾ എന്നാൽ 'അയ്യാ അല്‍പ്പം അരി താ' എന്നു പറയുന്നവർ മാത്രം അല്ലെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

Read Also: മാവോയിസ്റ്റ് വേട്ടയില്‍ ദുരൂഹത?അവര്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന് വെളിപ്പെടുത്തല്‍

മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങള്‍   കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വനമേഖലയിലേക്ക് പോയപ്പോള്‍ വീണ്ടും മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. കോടതി നിര്‍ദ്ദേശം സ്വീകരിച്ച്, ഇത്തരം സംഭവങ്ങളില്‍ അനുശാസിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്‍ ഷംസുദ്ദീനാണ് രാവിലെ സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പൊലീസിന് പരിക്കേല്‍ക്കാത്തതില്‍ ഷംസുദ്ദീന് പരിഭവമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മാവോയിസ്റ്റുകളെ വെടി വെച്ചു കൊല്ലുകയും ചെഗുവേരക്കു ജയ് വിളിക്കുകയും ചെയ്യുന്നവർ ആണ് ഇടതു പക്ഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

Read Also: 'പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് ഏഴാമത്തെ മാവോയിസ്റ്റ് കൊലപാതകമാണ്'; സര്‍ക്കാരിനെതിരെ വിടി ബല്‍റാം

മഞ്ചക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന്  ചെന്നിത്തല ആരോപിച്ചു. വൈത്തിരിയിൽ സിപി ജലീലിനെ കൊന്നതും പുറകിൽ നിന്നും വെടിവെച്ചാണ്.  നല്ലപിള്ള ചമയാനുള്ള ചിലരുടെ ശ്രമവും വെടി വെയ്പ്പിന് പിന്നിൽ ഉണ്ട്. കേന്ദ്രത്തിൽ ഇതുവഴി സ്ഥാനം കിട്ടാനും ചിലർ ശ്രമിക്കുന്നു .കാനത്തിനെ പോലും അട്ടപ്പാടി സംഭവം ബോധ്യപെടുത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. സർക്കാർ തെറ്റു തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു