കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവിന്‍റെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന പൊലീസ് ഭാഷ്യം ആവര്‍ത്തിച്ച് മുഖ്യമന്ത്രി. 

തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ ദുരൂഹതയെന്ന് ആരോപണം. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന്‍ പറഞ്ഞു. ആദിവാസികളെ ദൂതരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും മുരുകന്‍ പറഞ്ഞു. എന്നാല്‍, മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ നിയമസഭയില്‍ പറഞ്ഞു. 

ആദിവാസികളില്‍ ചിലരെ ദൂതരാക്കി മാവോയിസ്റ്റുകളുമായി പൊലീസ് ചര്‍ച്ച നടത്തിയിരുന്നെന്നും അഗളി മുന്‍ എസ്‍പിയാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയതെന്നും മുരുകന്‍ പറഞ്ഞു. "മഞ്ചിക്കണ്ടി വനമേഖലയില്‍ വര്‍ഷങ്ങളായി മാവോയിസ്റ്റുകള്‍ വന്ന് തമ്പടിക്കുന്നതായാണ് പറയപ്പെടുന്നത്. നമ്മളാരും ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പ് യഥാര്‍ത്ഥത്തില്‍ വ്യാജമായിട്ടുള്ള വെടിവെപ്പാണ്. അത് പൊലീസ് വളരെ ആസൂത്രിതമായി നീക്കങ്ങള്‍ നടത്തി മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതാണ് എന്നാണ് നമുക്ക് വ്യക്തമാക്കാനുള്ളത്. കാരണം, മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായിട്ട് പൊലീസിനെതിരെ ഒന്നും ഉണ്ടായിട്ടില്ല. മാവോയിസ്റ്റുകള്‍ ഭക്ഷണത്തിനു വേണ്ടിയും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടിയുമാണ് ഊരുകളില്‍ വരുന്നതെന്നാണ് പറയപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍കീഴടങ്ങാന്‍ വേണ്ട ഇടപെടലാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അവര്‍ കീഴടങ്ങാന്‍ മാനസികമായി തയ്യാറായിരുന്നു." മുരുകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Also: വെടിവെച്ചു കൊന്നാല്‍ ആശയം ഇല്ലാതാകില്ല; മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ ബിനീഷ് കോടിയേരി

എന്നാല്‍, മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന പൊലീസ് നിലപാട് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ ആവര്‍ത്തിച്ചു. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടിനു നേരെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നു. സ്വയരക്ഷക്കു വേണ്ടിയാണ് തിരിച്ചു വെടിയുതിര്‍ത്തത്. അതിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വനമേഖലയിലേക്ക് പോയപ്പോള്‍ വീണ്ടും മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. കോടതി നിര്‍ദ്ദേശം സ്വീകരിച്ച്, ഇത്തരം സംഭവങ്ങളില്‍ അനുശാസിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എന്‍ ഷംസുദ്ദീനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. 

Read Also: 'പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് ഏഴാമത്തെ മാവോയിസ്റ്റ് കൊലപാതകമാണ്'; സര്‍ക്കാരിനെതിരെ വിടി ബല്‍റാം