'വരുന്ന പ്രവാസികളുടെ എണ്ണത്തിൽ വർധനവ്, ഇത്തവണ 100 രാജ്യങ്ങളിൽ നിന്ന്'; നാലാം ലോക കേരള സഭയ്ക്ക് നാളെ തുടക്കം

കേരള സമ്പദ്ഘടനയില്‍ സുപ്രധാന പങ്കുള്ള പ്രവാസി സമൂഹത്തിന് ഒരു ആഗോള സംഗമ വേദി നടത്തുക എന്നത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി.

cm pinarayi vijayan says about loka kerala sabha 2024

തിരുവനന്തപുരം: നാലാം ലോക കേരള സഭയ്ക്ക് നാളെ തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 351 അംഗങ്ങള്‍ കേരള സഭയില്‍ പങ്കെടുക്കും. പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഓരോ തവണയും ലോക കേരള സഭയിലേയ്ക്ക് കൂടുതല്‍ പ്രവാസികള്‍ എത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ 63 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു. എന്നാല്‍ ഇത്തവണയത് 100 ആയി ഉയര്‍ന്നു. കേരള സമ്പദ്ഘടനയില്‍ സുപ്രധാന പങ്കുള്ള പ്രവാസി സമൂഹത്തിന് ഒരു ആഗോള സംഗമ വേദി നടത്തുക എന്നത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ലോക കേരള സഭയെ കുറിച്ച് മുഖ്യമന്ത്രി: 'നാലാം ലോക കേരള സഭയ്ക്ക് നാളെ (ജൂണ്‍ 13) തുടക്കം കുറിക്കുകയാണ്. ജൂണ്‍ 15 വരെ തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തില്‍ നടക്കുന്ന സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുള്‍പ്പടെ 351 അംഗങ്ങള്‍ പങ്കെടുക്കും. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക,  അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ആയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളത്. '

'ഓരോ തവണയും ലോക കേരള സഭയിലേയ്ക്ക് കൂടുതല്‍ പ്രവാസികള്‍ എത്തുകയാണ്. കഴിഞ്ഞ തവണ 63 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആണുണ്ടായിരുന്നതെങ്കില്‍ ഇത്തവണയത് 100 ആയി ഉയര്‍ന്നു. മറ്റു രാജ്യങ്ങളില്‍ സ്ഥിരതാമസം ആക്കിയ പ്രവാസികളും നാടും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ ഈ ഉദ്യമത്തിന് വലിയ പങ്കു വഹിക്കാന്‍ സാധിക്കുന്നുണ്ട്. നാടിന്റെ വികസനത്തില്‍ നിര്‍ണ്ണായക സംഭാവന നല്‍കുന്ന പ്രവാസികളെ ഭരണനിര്‍വഹണത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന ജനാധിപത്യ സംവിധാനമായി ലോക കേരള സഭ വര്‍ത്തിക്കുന്നു.'

'കേരള സമ്പദ്ഘടനയില്‍ സുപ്രധാന പങ്കുള്ള പ്രവാസി സമൂഹത്തിന് ഒരു ആഗോള സംഗമ വേദി നടത്തുക എന്നത് അനിവാര്യമാണ്. നാടിന് അഭിവൃദ്ധിയേകുന്നവര്‍ക്ക് ഭരണനിര്‍വഹണത്തില്‍ പങ്കാളിത്തമില്ലാത്ത ദുരവസ്ഥയ്ക്ക് ഒരുപരിധി വരെ പരിഹാരം കാണാന്‍ സഹായിക്കുന്ന ലോക കേരള സഭയ്ക്ക് സാധ്യമാകുന്നതില്‍ ഏറ്റവും തുച്ഛമായ തുകയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. മൂന്നാം ലോക കേരള സഭാ നടത്തിപ്പിനായി ബജറ്റില്‍ നീക്കിവെച്ചിരുന്ന തുകയില്‍ മൂന്നിലോന്നൂ മാത്രമാണ് ചെലവായത്. ഒന്നാം ലോക കേരള സഭയ്ക്ക് ശേഷം നടന്ന രണ്ട് സമ്മേളനങ്ങളിലും ലോക രാജ്യങ്ങളില്‍ നിന്നും എത്തിച്ചേരാനുള്ള വിമാന ടിക്കറ്റുകള്‍ പ്രതിനിധികള്‍ സ്വയം വഹിക്കുകയാണ്.'

'ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്ത സമാനതകളില്ലാത്ത പ്രവാസ നയരൂപീകരണ പ്രക്രിയ ആണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. ലോക കേരള സഭ അതിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. പ്രവാസികളുടേയും സംസ്ഥാനത്തിന്റെയും പുരോഗതിയില്‍ ഇത്തവണത്തെ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'

'ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുന്നു, രാജ്യസഭ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷപ്രീണനം'; വെള്ളാപ്പള്ളി
 

Latest Videos
Follow Us:
Download App:
  • android
  • ios