സാമൂഹിക നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; 'സ്വകാര്യ സർവകലാശാല തുടങ്ങുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ല'

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി 

CM Pinarayi Vijayan says Private Universities in Kerala not for business

തൃശ്ശൂർ: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫും സർക്കാരും ഒരു കാര്യം ചെയ്താൽ അത് സാമൂഹിക നീതി ഉറപ്പാക്കി മാത്രമേ ചെയ്യൂ. സ്വകാര്യ സർവകലാശാലകളിൽ പൊതു സംവരണം ഉണ്ടാകും. സ്വകാര്യ സർവകലാശാലകളിൽ സാമൂഹ്യ നീതി പ്രതിഫലിക്കും. ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. എൽഡിഎഫും സർക്കാരും ചെയ്യുന്നതിനെ അനാവശ്യമായി വിമർശിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കേരളത്തിൻറെ വരുമാനം മദ്യത്തിൽ നിന്നുള്ള വരുമാനമാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. തനത് നികുതി വരുമാനത്തിന്റെ 3.7 മാത്രമാണ് സംസ്ഥാനത്തിൻ്റെ മദ്യത്തിൽ നിന്നുള്ള വരുമാനമെന്നത് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കാണ്. പിന്നെങ്ങനെയാണ് കേരളത്തിൻറെത് വലിയ മദ്യവരുമാനമാണെന്ന് പറയാൻ കഴിയുക? ഉത്തർപ്രദേശിൽ 22 ശതമാനവും മധ്യപ്രദേശിൽ 16 ശതമാനവുമാണ് മദ്യത്തിൽ നിന്നുള്ള വരുമാനം. ഇതെല്ലാം താരതമ്യപ്പെടുത്തിയാൽ കേരളത്തിന്റെത് കുറവല്ലേയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് ക്ഷേമ പ്രവർത്തനങ്ങളിൽ ഒരു കുറവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ നിന്ന് ഒഴിയുമ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയായിരുന്നു. അന്ന് പെൻഷൻ തുക മാസം 600 രൂപയായിരുന്നു. എൽഡിഎഫ് അധികാരത്തിൽ വന്ന്  കുടിശ്ശിക തീർത്തു. 1600 രൂപയാണ് ഇപ്പോൾ ക്ഷേമ പെൻഷൻ നൽകുന്നത്. കേന്ദ്ര സർക്കാരാണ് ചില മാസങ്ങളിൽ പെൻഷൻ മുടങ്ങാൻ കാരണം. മുടങ്ങിയത് കൃത്യമായി നൽകുമെന്ന് പറഞ്ഞു. രണ്ടു ഗഡു ഇതിനോടകം നൽകി. ബാക്കി അടുത്ത സാമ്പത്തിക വർഷത്തിൽ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios