Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്ക് കൊവിഡ്; രോഗലക്ഷണങ്ങളില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും, വീണയും റിയാസും ചികിത്സയിൽ

മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് നിലവിൽ തീരുമാനം.

cm pinarayi vijayan test covid positive
Author
Trivandrum, First Published Apr 8, 2021, 6:02 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുക, നിലവിൽ കണ്ണൂരിലെ വീട്ടിലുള്ള മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. രോഗം ബാധിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ച മുഖ്യമന്ത്രി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും അഭ്യർത്ഥിച്ചു. 

മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണയ്ക്ക് പിന്നാലെ ഭ‌‌ർത്താവ് പിഎ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗബാധ കണ്ടെത്തിയത്. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്സീൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. 

പ്രോട്ടോക്കോൾ അനുസരിച്ച് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരിക്കും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുക. ആവശ്യമെങ്കിൽ തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കോഴിക്കോട്ടേക്ക് അയക്കുകയോ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തേക്ക് മാറ്റുകയോ ചെയ്യും. 

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളോട് അടുത്തിടപഴകിയ ഉദ്യോ​ഗസ്ഥരോടും കുടുംബാം​ഗങ്ങളോടുമെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോ​ഗ്യവകുപ്പ് നി‌ദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡിന്റെ തുടക്കം മുതൽ അങ്ങേയറ്റം കരുതലോടെയായിരുന്നു മുഖ്യമന്ത്രി ഇടപെട്ടിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഈ പരിപാടികളിൽ എത്തിയവരും ജാ​ഗ്രത പാലിക്കണം.

Follow Us:
Download App:
  • android
  • ios