അന്താരാഷ്ട്ര നിലവാരത്തിലുള്ള കാൻസർ ചികിത്സയും ഗവേഷണവും ലക്ഷ്യമിട്ട് കളമശ്ശേരിയിൽ നിർമ്മിച്ച കൊച്ചിൻ കാൻസർ റിസർച് സെന്റർ പ്രവർത്തനസജ്ജമായി. ഫെബ്രുവരി 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഈ കേന്ദ്രം, സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കെട്ടിട സമുച്ചയമാണ്
കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിൽ കാൻസർ ചികിത്സയും ഗവേഷണവും ലക്ഷ്യമിട്ട് നിർമിച്ച കൊച്ചിൻ കാൻസർ റിസർച് സെന്റർ കളമശ്ശേരിയിൽ പ്രവർത്തന സജ്ജമായി. ഫെബ്രുവരി 9ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിനോട് ചേർന്നാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സമാന കേന്ദ്രങ്ങളിൽ വിസ്തൃതിയിലും സൗകര്യങ്ങളിലും ഏറ്റവും വലിയ ഒറ്റക്കെട്ടിടമെന്ന പ്രത്യേകത ഈ സെൻ്ററിനുണ്ട്. 12 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് നാല് ബ്ലോക്കുകളായി 6.40 ലക്ഷം ചതുരശ്ര അടി പ്രദേശത്താണ് സമുച്ചയം നിർമിച്ചിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന 81 തസ്തികളോടൊപ്പം 159 പുതിയ തസ്തികൾ കൂടി സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ 36 ഡോക്ടർമാരും 50 സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടുന്നു. 2018 മേയ് 20ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 2016 നവംബർ 11 മുതൽ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഒ.പി വിഭാഗം പുതിയ സമുച്ചയം തുറക്കുന്നതോടെ പൂർണമായി ഇവിടേക്ക് മാറ്റും. പഴയ കെട്ടിടം ഒഴിപ്പിക്കും. എല്ലാ യന്ത്രസാമഗ്രികളും പുതിയ കേന്ദ്രത്തിലേക്ക് മാറ്റും.
എ ബ്ലോക്കിലെ ഒന്നാം നിലയിൽ 20 ക്യൂബിക്കിളുകളുള്ള ഒ.പി വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ രജിസ്ട്രേഷൻ കൗണ്ടറുകൾ, എം.ആർ.ഐ, സി.ടി സ്കാൻ, കാഷ്വാലിറ്റി, ഫാർമസി, എക്സ്റേ, മാമോഗ്രാം, അൾട്രാസൗണ്ട് സ്കാൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നും രണ്ടും നിലകളിൽ റീഹാബിലിറ്റേഷൻ ക്ലിനിക് പ്രവർത്തിക്കുമ്പോൾ മൂന്നാം നിലയിൽ ഡേ കെയർ കീമോ തെറാപ്പി സേവനവും നാലാം നിലയിൽ ഐ.പി വാർഡുകളും ഒരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയാ തിയേറ്ററുകൾ അഞ്ചാം നിലയിലാണ്. ബി ബ്ലോക്കിൽ റേഡിയോ തെറാപ്പി യൂണിറ്റിനൊപ്പം പാതോളജി, ബയോമെഡിക്കൽ വിഭാഗങ്ങളും പ്രവർത്തിക്കും. സി ബ്ലോക്കിൽ പാതോളജി ലാബ്, പേവാർഡ്, കാന്റീൻ എന്നിവയ്ക്കൊപ്പം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ജനിതക ഗവേഷണ പരീക്ഷണശാലയും സ്ഥാപിച്ചിട്ടുണ്ട്. ഡി ബ്ലോക്കിൽ പേവാർഡിനോടൊപ്പം പാലിയേറ്റീവ് ഒ.പി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരേസമയം 10 പേർക്ക് കീമോ തെറാപ്പി നൽകാൻ കഴിയുന്ന രീതിയിലാണ് ഡേ കെയർ വിഭാഗം. രോഗികളോടൊപ്പം എത്തുന്ന 132 കൂട്ടിരിപ്പുകാർക്ക് താമസ സൗകര്യമുള്ള അമിനിറ്റി സെന്ററും പ്രവർത്തിക്കും.
കെട്ടിട നിർമാണത്തിനായി 223 കോടി രൂപയും മെഡിക്കൽ ഉപകരണങ്ങൾക്കായി 150 കോടി രൂപയുമാണ് ചെലവാക്കിയത്. കിഫ്ബി ഫണ്ടാണ് വിനിയോഗിച്ചത്. മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ, ഓങ്കോളജി വിഭാഗങ്ങളിലായി ഒരേസമയം 100 രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള രോഗികൾക്ക് റഫറൽ കേന്ദ്രമായി ഇത് പ്രവർത്തിക്കും.


