Asianet News MalayalamAsianet News Malayalam

ചോദ്യം ചെയ്യൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന സിഎം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി

സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്

CM Raveendran plea to stay interrogation notice from ED rejected by Kerala high court
Author
Thiruvananthapuram, First Published Dec 17, 2020, 1:00 PM IST

കൊച്ചി: തന്നെ ചോദ്യം ചെയ്യാനായി ഇഡി അയച്ച നോട്ടീസ് സ്റ്റേ ചെയ്യണമെന്ന സി എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി. വിധി വരുന്നതിന് മുൻപ് തന്നെ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നു. താന്‍ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും രവീന്ദ്രന്‍ വാദിച്ചിരുന്നു. കൊവിഡാനന്തര അസുഖങ്ങള്‍ ഉണ്ടെന്നും കൂടൂതൽ സമയം ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി

എന്നാല്‍ നോട്ടീസ് സ്റ്റേ ചെയ്യണം എന്ന് പറയാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്ന് ഇഡി വാദിച്ചു. പല തവണ സമന്‍സ് അയച്ചിട്ടും രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമത്തിന്റെ കരങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ രവീന്ദ്രൻ ശ്രമിക്കുകയാണെന്നും ഇഡി ആരോപിച്ചു. ഇന്ന് ഹാജാരാകണം എന്നാവശ്യപ്പെട്ടാണ് രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ് സി എം രവീന്ദ്രൻ. കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല. 

സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്.

Follow Us:
Download App:
  • android
  • ios