സാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് സര്‍ക്കാരിന് ഒരുഅറച്ചുനില്‍പ്പുമില്ല. അവര് ഉന്നയിച്ച ആവശ്യങ്ങളില്‍ സാധ്യമായ കാര്യം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികളെ സംരക്ഷിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ ഇടപെടലുകള്‍ ഉദ്യോഗാര്‍ഥികള്‍ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നതില്‍ മൌനം പാലിച്ച് സര്‍ക്കാര്‍. സമരം നിർത്തുന്ന കാര്യത്തിൽ സമരക്കാർ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് സര്‍ക്കാരിന് ഒരുഅറച്ചുനില്‍പ്പുമില്ല. അവര് ഉന്നയിച്ച ആവശ്യങ്ങളില്‍ സാധ്യമായ കാര്യം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യം ആണ് അവര്‍ ഉയര്‍ത്തിയതില്‍ ഒന്ന്.

ഓഗസ്റ്റ് മൂന്ന് വരെയുള്ള ഒഴിവുകളുടെ ആനുകൂല്യം അഞ്ഞൂറോളം ലിസ്റ്റിലുള്ളവര്‍ക്കാണ് ലഭിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് കാലത്താണ് ഭൂരിഭാഗം ഒഴിവുകളും സംഭവിക്കുന്നത്. ആ ഒഴിവുകള്‍ നികത്താന്‍ ഇതുവഴി സാധിക്കും. പിഎസ്സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യലാണ് മറ്റൊരു പ്രശ്നം, അത് ത്വരിതപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ വീഴിച വരുത്തുന്ന നിയമനാധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഒഴിവ് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സ്ഥാനക്കയറ്റം മൂലം ഒഴിവ് റിപ്പോര്‍ട്ട ചെയ്യുന്ന കാലതാമസത്തിലും സര്‍ക്കാര്‍ ഇടപെട്ടു. ഇതെല്ലാം ഉദ്യോഗാര്‍ഥികളെ കണ്ടുകൊണ്ടുള്ള നടപടിയാണ്. തസ്തികള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച താല്‍പര്യം ഉദ്യോഗാര്‍ഥികള്‍ കാണണം. ഉദ്യോഗാര്‍ഥികളെ സംരക്ഷിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ ഇടപെടലുകള്‍ ഉദ്യോഗാര്‍ഥികള്‍ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.