പയ്യോളി പോക്സോ കേസിലെ പ്രതി അബ്ദുൽ റഫീഖിനെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
കോഴിക്കോട്: വിവാദമായ പയ്യോളി പോക്സോ കേസിലെ പ്രതി അബ്ദുൽ റഫീഖിനെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് റഫീഖിനെ പൊലീസ് പിടികൂടിയത്. 12കാരിയെ മാതാവിന്റെ സഹായത്തോടെ സുഹൃത്ത് പീഡിപ്പിച്ച സംഭവം വൻ വിവാദത്തിനും പൊലീസിനെതിരായ നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.
വടകര മണിയൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൾ റഫീഖ് മാതാവിൻ്റെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന 12 ഭാര്യയുടെ വെളിപ്പെടുത്തലിൽ കഴിഞ്ഞ ജനുവരി 16നാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷത്തോളം പ്രതി റഫീഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതായിരുന്നു പെൺകുട്ടിയുടെ മൊഴി. പൊലീസ് കേസ് എടുത്തതോടെ റഫീഖ് വിദേശത്തേക്ക് കടന്നു. ഇതോടെ പെൺകുട്ടിയുടെ മാതാവിനെ മാത്രമായിരുന്നു പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. പിന്നീട് നാട്ടിലെത്തിയ ഇയാൾ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കീഴടങ്ങി ജാമ്യം നേടി. ഇതോടെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച പ്രതിഷേധം ശക്തമാക്കിയത്. മകൻ്റെ വിവാഹത്തിനായി പ്രതി റഫീഖ് വീട്ടിലെത്തിയ കാര്യം അറിഞ്ഞ നാട്ടുകാർ ഇയാളുടെ വീട്ടിലേക്ക് മാർച്ച് നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ജനകീയ പ്രതിഷേധത്തെതുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കാനായി പൊലീസ് കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകി. പൊലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി ജാമ്യം റദ്ദാക്കി. ഇതിന് പിന്നാലെ റഫീഖ് കൊയിലാണ്ടി കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു.
പ്രതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ ഹൈക്കോടതി വിശദമായ വാദം കേട്ടു. തുടർന്നാണ് ഇന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചത്. തൊട്ടുപിന്നാലെ കൊയിലാണ്ടി ചെങ്ങോട്ട് കാവിൽ വെച്ചാണ് വടകര റൂറൽ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് നാട്ടുകാർ പയ്യോളി പൊലീസ് സ്റ്റേഷനിലേക്കും കോഴിക്കോട് റൂറൽ എസ്പി ഓഫീസിലേക്കും മാർച്ച് നടത്തിയിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് പയ്യോളി സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ റൂറൽ എസ് പി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.







