Asianet News MalayalamAsianet News Malayalam

നവകേരളസദസ് 20 ദിവസം,76 നിയമസഭാമണ്ഡലങ്ങൾ പിന്നിട്ടു,നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യം വന്‍വിജയെമന്ന് മുഖ്യമന്ത്രി

അന്തർദ്ദേശീയ തലത്തിൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നുവെന്നും പിണറായി വിജയന്‍

cm says navakerala sadas is huge success
Author
First Published Dec 8, 2023, 11:25 AM IST

എറണാകുളം:  നവകേരള സദസ്സ് ആരംഭിച്ച്  20 ദിവസം പൂർത്തിയാകുമ്പോൾ 76 നിയമസഭാ മണ്ഡലങ്ങൾ പിന്നിടുകയാണ്. നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് ജനങ്ങളുടെ മനസ്സിൽ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി നഗരത്തിൻ്റെയും കേരളത്തിന്റെയാകെയും  അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂർത്തിയാവുകയാണ്.  ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിൽ അധികം ആളുകളാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടർ മെട്രോ സർവീസ്  വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്.


ഐബിഎം സോഫ്റ്റ്‌വെയറിൻ്റെ സീനിയർ വൈസ് പ്രസിഡന്റ് (പ്രോഡക്ട്സ് ) ദിനേശ് നിർമ്മൽ പറഞ്ഞത് കേരളത്തിലേയ്ക്ക് ഒരു റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നു എന്നാണ്. അതായത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തും ഉള്ള ഐബിഎം ലെ ജീവനക്കാർ കേരളത്തിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇതാണ് കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ടു നാടിനുണ്ടായ മാറ്റം. വൻകിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങിൽ   15ആം സ്ഥാനത്ത് ഇക്കാലയളവിൽ നമ്മളെത്തിയെന്നും അദ്ദേഹം പറഞ്ഞു.

അന്തർദ്ദേശീയ തലത്തിൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളെ ഇതോടൊപ്പം തന്നെ സംരക്ഷിക്കുന്നതിലും കേരളം മാതൃകയാവുകയാണ്. പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വിറ്റുതുലക്കുമ്പോൾ അവയെ ഏറ്റെടുത്ത് ലാഭത്തിലാക്കി പൊതുസമൂഹ നന്മയ്ക്കായി നിലനിർത്തുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Latest Videos
Follow Us:
Download App:
  • android
  • ios