വി ഡി സതീശൻ ലൂസിഫറിലെ ബോബിയായി മാറിയെന്ന് ചിന്ത ജെറോം വിമർശിച്ചു. വിമാന യാത്രയുടെ സ്പോൺസറുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. ഒരു ചോദ്യം ഉയർന്നാൽ ഉത്തരം പറയാൻ പൊതുപ്രവർത്തകർ ബാധ്യസ്ഥരാണെന്നും ചിന്ത ജെറോം പറഞ്ഞു.
കൊല്ലം: സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലൂസിഫറിലെ ബോബിയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം. എല്ലാം വിറ്റ് മുടിക്കാൻ ശ്രമിക്കുകയാണ്. പൂക്കി ഇമേജിൽ നിന്ന് യഥാർത്ഥ ധാർഷ്‌ട്യം പുറത്തു വന്നു. മലപ്പുറത്തേക്കുള്ള വിമാന യാത്രയുടെ സ്പോൺസറുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. ഒരു ചോദ്യം ഉയർന്നാൽ ഉത്തരം പറയാൻ പൊതുപ്രവർത്തകർ ബാധ്യസ്ഥരാണ്. ഹെലികോപ്റ്റര്‍ കരാർ പുതുക്കിക്കിട്ടാനുള്ള ചിപ്സൻ്റെ ഫയൽ സർക്കാരിന് മുന്നിലുണ്ട്. സൗജന്യം പറ്റുന്നത് കമ്മിറ്റ്മെൻ്റിന് വഴിവെക്കും. മൂന്ന് മാസം കൊണ്ട് പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ചിന്ത ജെറോം പ്രതികരിച്ചു.
മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാന യാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനാണെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് ചിന്ത ജെറോമിന്‍റെ പ്രതികരണം. വിമാന ഉടമസ്ഥരായ കേളചന്ദ്ര ഗ്രൂപ്പ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്തുവന്നു. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയിൽ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്‌സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം. ഒരു ഓപറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകും. സ്വകാര്യ വിമാന യാത്ര ചെലവ് എത്രയാണെന്ന് ഇതിലൂടെ പുറത്തേക്ക് വരട്ടെയെന്നും ചിപ്സൺ അധികൃതർ പറഞ്ഞു.
അതേസമയം വിമാന യാത്രയുടെ പണം ആരാണ് മുടക്കിയതെന്ന് എന്തിന് പറയണമെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. താൻ ഇനിയും പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കിൽ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്ത് തെറ്റെന്നാണ് സതീശന്റെ ചോദ്യം. മലയാളി ആയ ഒരാൾ അറേഞ്ച് ചെയ്ത ഫ്ലൈറ്റിലാണ് പോയത്. ഇനിയും പോകും. പിണറായി വിജയനും ഉമ്മൻചാണ്ടിയും പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തിൽ പോയി എന്ന് താൻ പ്രതിപക്ഷത്തുള്ളപ്പോൾ ചോദിച്ചിട്ടില്ല. വിമാനം അറേഞ്ച് ചെയ്യുന്നവർ ഔദാര്യം കൈപ്പറ്റുന്നവരല്ലെന്നും വി ഡി സതീശൻ അവകാശപ്പെട്ടു.
