കിഫ്ബിയെച്ചൊല്ലി സഭയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ. കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞപ്പോൾ കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ തിരിച്ചടിച്ചു.
തിരുവനന്തപുരം: കിഫ്ബിയുടെ പേരിൽ കേരളത്തിൽ നടന്നത് പെരുംകൊള്ളയെന്നും ഉത്തരവാദികളെ വെറുതെ വിടില്ലെന്നും നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഭൂമി ഏറ്റെടുക്കലിൽ മുഖ്യമന്ത്രി പുകമറ ഉണ്ടാക്കുന്നു എന്നും യുഡിഎഫിന്റെ ആഗ്രഹം എഴുതിവെച്ച റിപ്പോർട്ടാണ് വിദഗ്ധ സമിതിയുടേതെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. കിഫ്ബിയിലെ ധനവകുപ്പ് എതിർപ്പ് പലതവണ എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പ്രകോപനത്തിന് ശ്രമിച്ചെങ്കിലും പ്രതിപക്ഷം അത് ഏറ്റുപിടിച്ചില്ല.
സുധാ പിള്ള റിപ്പോർട്ടിൽ അടിമുടി രാഷ്ട്രീയമെന്ന പ്രതിപക്ഷ ആരോപണം കാത്ത് നിന്ന പോലെ മുഖ്യമന്ത്രി കണക്ക് നിരത്തി. 31000 കോടിയുടെ കിഫ്ബി പദ്ധതികൾ സംസ്ഥാനത്ത് നടക്കുന്നു. തീർത്തതും പൂർത്തിയാക്കാനുള്ളതും എല്ലാം ചേർത്ത് 70,000 കോടി രൂപ വേണം. പൊതുവിപണിയിൽ നിന്ന് ഉയർന്ന പലിശയ്ക്ക് കടമെടുത്ത നടപടിയെ മുഖ്യമന്ത്രി വിമർശിച്ചപ്പോൾ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരെ നിലപാടെന്തായിരുന്നു എന്ന് പ്രതിപക്ഷം തിരിച്ച് ചോദിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനവകുപ്പിനെയും മന്ത്രിയേയും ഇരുട്ടിൽ നിർത്തിയെന്നും കിഫ്ബി ഇനി ധനവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ എൻ ബാലഗോപാലിനെ ചൂണ്ടി കുരുക്കിടാനുള്ള വി ഡി സതീശന്റെ നീക്കം പ്രതിപക്ഷം കേട്ടില്ലെന്ന് നടിച്ചു. കണ്ണൂരിലെ ഭൂമി ഏറ്റെടുൽ ക്രമക്കേട് വീണ്ടും സഭയിൽ എടുത്തിട്ട മുഖ്യമന്ത്രിയോട് വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നത് കമ്പോള വിലക്കാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കിഫിബി കൊള്ളയിൽ സമഗ്ര അന്വേഷണമെന്നും സർക്കാരും സുധാ പിള്ള റിപ്പോർട്ട് തന്നെ രാഷ്ട്രി രേഖയെന്ന് പ്രതിപക്ഷവും ആവർത്തിച്ച് എങ്ങുമെത്താത്ത ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.






