Asianet News MalayalamAsianet News Malayalam

'നേരിടേണ്ട രീതിയിൽ നേരിടും, അത് മനസിലാക്കി കളിച്ചാൽ മതി': വ്യാപാരികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

നിയന്ത്രണങ്ങളിൽ  ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു. 
 

CM warns action against merchants who declared to open shops from Thursday
Author
Delhi, First Published Jul 13, 2021, 7:36 PM IST


ദില്ലി: കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. വ്യാപാരികളുടെ വികാരവും ഉദ്ദേശവും മനസിലാക്കുന്നുവെന്നും അതോടൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി എന്നാൽ മറ്റൊരു വഴിക്കാണ് നീങ്ങുന്നതെങ്കിൽ അതിനെ ആ നിലയ്ക്ക് നേരിടുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിയന്ത്രണങ്ങളിൽ വേണ്ട ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ  - 

എനിക്കവരോട് (വ്യാപാരികൾ) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി അത്രയേ പറയാനുള്ളൂ. 

ഇതുവരെ രോഗം വരാത്തവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്. അതൊരു വെല്ലുവിളിയാണ്. ഇത്തരം ചില അഭിപ്രായം കേട്ട് നിലവിലുള്ള നിയന്ത്രണവും പരിശോധനാ രീതികളും മാറ്റാനാവില്ല. ഏതെങ്കിലും സ്ഥലം ഡി കാറ്റഗറിയായി വന്നെങ്കിൽ അതിനര്‍ത്ഥം അവിടെ രൂക്ഷമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടെന്നും അവിടെ നിയന്ത്രണം അനിവാര്യമാണെന്നുമാണ്. ഡി കാറ്റഗറിയിൽ ഉള്ള പല സ്ഥലങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കിയപ്പോൾ സിയിലേക്ക് പോയി. എന്നാൽ സി, ബി കാറ്റഗറികളിലെ പല പ്രദേശങ്ങളും ഇളവുകൾ അലസതയോടെ ഉപയോഗിച്ചപ്പോൾ അവിടെ രോഗവ്യാപനം കൂടി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios