തിരുവനന്തപുരം ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ആറ് മാസത്തിനിടെ 391 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പ്രശ്നം രൂക്ഷമായ മലയോര മേഖലകളിൽ പ്രതിരോധം ശക്തമാക്കാൻ പഞ്ചായത്ത് തലത്തിൽ യോഗങ്ങൾ വിളിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ആറ് മാസത്തിനിടെ 391 കാട്ടുപന്നികളെ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കണക്ക് വിലയിരുത്തിയത്. 2025 മെയ് 31 മുതൽ നാളിതു വരെയുള്ള കണക്കാണ് 391. അതേസമയം രണ്ട് വർഷത്തിൽ 1100 കാട്ടുപന്നികളെ കൊന്നതായും യോഗം വിലയിരുത്തി. മനുഷ്യ - വന്യജീവി സംഘർഷം കുറയ്ക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് - ബ്ലോക്ക് തലങ്ങളിൽ യോഗം വിളിക്കുന്നതിന് നിർദേശം നൽകാൻ തീരുമാനമായി.
വന്യജീവികളെ പ്രതിരോധിക്കുന്നതിനുള്ള ലാന്‍റ് സ്കേപ്പിങ് പ്ലാൻ തയ്യാറാക്കി വരികയാണ്. പ്ലാൻ വനം വകുപ്പ് അംഗീകരിച്ച ശേഷം സർക്കാരിലേക്ക് കൈമാറും. മനുഷ്യ - വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് സർക്കാർ പഞ്ചായത്തുകൾക്ക് അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതിനും പഞ്ചായത്തുകൾക്ക് നിർദേശം നൽകാനും യോഗം തീരുമാനിച്ചു. മലയോര മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുകയാണ്. രാത്രി സഞ്ചരിക്കുന്നവർക്ക് നേരെയാണ് പതിവായി ആക്രമണമുണ്ടാകുന്നത്. കല്ലറയിൽ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ ആഴ്ചകൾക്ക് മുമ്പാണ് മരിച്ചത്.


