നടൻ വിജയിയുമായുള്ള വിവാഹമോചന വാർത്തകൾക്കിടെ ഭാര്യ സംഗീതയുടെ പശ്ചാത്തലം ചർച്ചയാകുന്നു. ശ്രീലങ്കൻ തമിഴ് വംശജയും ലണ്ടനിലെ സമ്പന്നനായ വ്യവസായിയുടെ മകളുമാണ് സംഗീത. വിജയിയുടെ ആരാധികയായിരുന്ന അവർ 1999-ൽ വിവാഹിതരായി.
നടൻ വിജയിയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എങ്ങും ഇരുവരുടേയും വാർത്തകളാണ് നിറയുന്നത്. സംഗീത ഡിവോഴ്സ് നോട്ടീസിൽ ആരോപിച്ച നടി തൃഷയാണെന്ന കണ്ടെത്തലിലാണ് സോഷ്യലിടം ഇപ്പോൾ. ഇതെല്ലാം ഒരു വശത്ത് നടക്കുന്നതിനിടെ ആരാണ് സംഗീത വിജയ് എന്ന സംഗീത സ്വർണലിംഗം എന്ന തിരച്ചിലും ഗൂഗിളിൽ സജീവമായിട്ടുണ്ട്. ആരാണ് സംഗീത സ്വർണലിംഗം? വിജയ്- സംഗീത വിവാഹം എപ്പോൾ നടന്നു? സംഗീതയുടെ ആസ്തി? എന്നിങ്ങനെ പോകുന്നു സെർച്ചിംഗ് ഹിസ്റ്ററികൾ.
1974 ജൂൺ 22ന് ആയിരുന്നു സംഗീതയുടെ ജനനം. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജരായിരുന്നു ഇവരുടെ കുടുംബം. സംഗീത ജനച്ച ശേഷം മാതാപിക്കൾ കുടുംബത്തോടെ ലണ്ടനിലേക്ക് പോയി. സംഗീതയുടെ ബാല്യവും പഠനവുമെല്ലാം ഇവിടെ ആയിരുന്നു. ലണ്ടനിലെ അറിയപ്പെടുന്ന ധനികനായ ബിസിനസുകാരനായിരുന്നു അച്ഛൻ സ്വർണലിംഗം. അതുകൊണ്ടുതന്നെ 'വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചവൾ', എന്നാണ് സോഷ്യൽ മീഡിയ സംഗീതയെ വിശേഷിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സംഗീതയ്ക്ക് 400 കോടി രൂപയുടെ ആസ്തിയുണ്ട്.

1996ൽ ആയിരുന്നു വിജയിയുടെ കരിയറിൽ വലിയ ബ്രേക്ക് സമ്മാനിച്ച പൂവേ ഉനക്കാഗ എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും റിലീസ് ചെയ്ത ചിത്രത്തിലൂടെ നിരവധി ആരാധകരെയും വിജയ് സ്വന്തമാക്കി. അക്കൂട്ടത്തിലൊരാളായിരുന്നു സംഗീത. എന്നാൽ ഭൂരിഭാഗം ആരാധകരെയും പോലെ വിജയിയെ ദൂരേ നിന്നും ആരാധിക്കാൻ സംഗീത തയ്യാറായിരുന്നില്ല. ലണ്ടനില് നിന്നും നേരെ ചെന്നൈയിലേക്ക്. ആ കണ്ടുമുട്ടൽ ഇരുവരുടേയും ജീവിതത്തിൽ പുതിയ വഴിത്തിരിവായി മാറി. ശേഷം വിജയ്, സംഗീതയെ തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് സംഗീതയെ ഇഷ്ടമാകുകയും ആയിരുന്നു.
ഒടുവിൽ 1998ൽ ഇരു കുടുംബങ്ങളുടേയും സമ്മതപ്രകാരം യു.കെയിൽ വിജയ്- സംഗീത വിവാഹം രജിസ്റ്റർ ചെയ്തു. ശേഷം 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ വച്ച് ആചാരപ്രകാരമുള്ള വിവാഹവും നടത്തി. ഹിന്ദു-ക്രിസ്ത്യൻ വിവാഹമായിരുന്നു. 2000ൽ ഇവർക്ക് ആദ്യ കുഞ്ഞ്(ജേസൺ സഞ്ജയ്) പിറന്നു. 2005ൽ ദിവ്യ സാഷയും ജനിച്ചു.

താരപത്നിയായിട്ടും പൊതുവേദികളിൽ നിന്നും എപ്പോഴും മാറി നിൽക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആള് കൂടിയാണ് സംഗീത. എന്നിരുന്നാലും വലിയൊരു സൗഹൃദക്കൂട്ടം സംഗീതയ്ക്ക് തമിഴ് സിനിമയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അജിതിന്റെ ഭാര്യയും നടിയുമായിരുന്ന ശാലിനി, രവിമോഹന്റെ മുൻഭാര്യ ആരതി തുടങ്ങിയവർ ഉൾപ്പെടുന്നതാണ് സംഗീതയുടെ സൗഹൃദവലയം. കഴിഞ്ഞ കുറേക്കാലമായി ഫാമിലി ബിസിനസ് നോക്കി നടത്തുന്നത് സംഗീതയാണെന്നാണ് റിപ്പോർട്ട്.



