ഹെലികോപ്റ്ററിന്‍റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപം ഉയരുമ്പോൾ, ഇത് അര ഇഞ്ചിന്‍റെ താഴ്ച മാത്രമാണെന്നും സുരക്ഷാ പ്രശ്നങ്ങളില്ലെന്നും ജില്ലാ കളക്ടർ വിശദീകരിച്ചു.

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയ സംഭവത്തിൽ പ്രതികരിച്ച് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ. ഹെലികോപ്റ്റർ തള്ളിയ സംഭവം വലിയ വിവാദമാകുമ്പോഴാണ് കളക്ടറിന്‍റെ പ്രതികരണം. ഉണ്ടായത് അര ഇഞ്ചിന്‍റെ താഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഹെലിപ്പാടിന്‍റെ ഉറപ്പിന്‍റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. 'എച്ച്' മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്‍റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.

പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്‍റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കി. രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

അതേസമയം, പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ വൈകിട്ട് 4.15 ന് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍റെ നേതൃത്വത്തിൽ യാത്രയാക്കി. ആന്‍റോ ആന്റണി എംപി, കെ യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും യാത്രയാക്കാനുണ്ടായിരുന്നു. തിരുവനന്തപുരത്തേക്കാണ് രാഷ്ട്രിപതി എത്തുക.