തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ്-യുഡിഎഫ് സംയുക്തപ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം പൗരത്വ ബില്ലുമായി ബന്ധപ്പെട്ട ഭാവിപരിപാടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പാര്‍ട്ടി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സംയുക്ത പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍  അടഞ്ഞ അധ്യായമാണ്. മനുഷ്യചങ്ങല അവരുടെ പരിപാടിയാണ് അതിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് തങ്ങളെ കൊച്ചാക്കരുത്. മുല്ലപ്പള്ളിയെ ഒരു ഭാഗത്തും ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയേയും മറ്റൊരു ഭാഗത്തും  സ്ഥാപിച്ചു കൊണ്ട്  സിപിഎം നടത്തിയ പ്രസ്താവന ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പറഞ്ഞിട്ടാണ് സംയുക്ത പ്രക്ഷോഭം നടന്നത്. ഭാവി പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഈ മാസം 31-ന് യുഡിഎഫ് വീണ്ടും യോഗം ചേരും. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്. പ്രക്ഷോഭം സംബന്ധിച്ച് കോൺഗ്രസിലോ യു ഡി എഫിലോ അഭിപ്രായ വ്യത്യാസമില്ല. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം വിളിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. 29-ന് യോഗം വിളിക്കാന്‍ പ്രതിപക്ഷം നിര്‍ദേശിച്ചിട്ടുണ്ട്. 

പൗരത്വബില്ലില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് അപലപനീയമാണ്. ഇരിക്കുന്ന സ്ഥാനം മറക്കാതെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം. ഗവര്‍ണര്‍ക്കെതിരെ എന്ത് കൊണ്ട് സർക്കാരും സി പി എമ്മും വരുന്നില്ലെന്നത് അതിശയകരമാണ്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.  ഗവർണറോട് എന്ത് ചർച്ച ചെയ്യാനാണ്
നരേന്ദ്ര മോദിയോട് വേണമെങ്കില്‍ ചര്‍ച്ചയാവാം.  

പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം  ചെയ്യുന്ന പ്രവർത്തകരെ സംസ്ഥാന സർക്കാർ കരുതൽ തടങ്കലിൽ വയ്ക്കുന്നത് ശരിയല്ലെന്നും സംസ്ഥാന സർക്കാർ മോദിയുടെ പാത പിന്തുടരുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്യത്ത് സമരം ചെയ്യുന്നവർ രാജ്യദ്രോഹികളെന്ന പ്രസ്താവന കുമ്മനം പിൻവലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ കേരളം ഒറ്റക്കെട്ടായി മുന്നേറുകയാണ്.  ബിജെപി ഒഴികെ മതേതര വിശ്വാസികളെല്ലാം സമരരംഗത്തുണ്ട്. രാജ്യത്ത് ബിജെപി വിരുദ്ധ വികാരം ശക്തിപ്പെടുന്നുവെന്ന് വ്യക്തമാണ്. ഝാര്‍ഖണ്ഡിലെ ഫലം ഇതിനുള്ള തെളിവാണ്. ഡിറ്റന്‍ഷന്‍ സെന്‍ററുകളെ സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന കള്ളമാണ്.  ഡിറ്റൻഷൻ സെൻറർ തുറക്കുമെന്ന് കേന്ദ്ര സർക്കാർ തന്നെ പാർലമെന്റിൽ വ്യക്തമാക്കിയതാണ്. അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ ഡിറ്റൻഷൻ സെന്റർ തുറക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം.