‘നേതൃത്വത്തിന്‍റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്’- ശ്രീലേഖ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനം വാഗ്ദാനം ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് തന്നെ ഒഴിവാക്കിയെന്ന ശാസ്തമംഗലം കൗൺസിലറും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖയുടെ വിമർശനത്തിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. ആർ. ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് ഓൺലൈൻ വാർത്തകൾക്ക് അപ്പുറം കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കോർപറേഷൻ ഭരണത്തിനായി ശ്രീലേഖ ഉൾപ്പെടെ നന്നായി ഇടപെടുന്നുണ്ട്. തങ്ങൾ തമ്മിൽ ഇനിയും കാണുമല്ലോ, എന്താണെന്ന് അന്വേഷിക്കട്ടേയെന്നും രാജേജ് പ്രതികരിച്ചു.
തിരുവനന്തപുരം മേയർ സ്ഥാനത്ത് തന്നെ പരിഗണിക്കാത്തിലുള്ള അതൃപ്തി പരസ്യമാക്കി ബിജെപി നേതൃത്വത്തിനെതിരെ ശ്രീലേഖ കടുത്ത വിമശനം നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു. പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിർക്കാത്തത് ജയിപ്പിച്ച വോട്ടർമാരെ ഓർത്താണെന്നും ശ്രീലേഖ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുന്നതിനിടെയാണ് ശ്രീലേഖ തുറന്നടിച്ചത്.
'ഞാനായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ മുഖം എന്ന് പറയുന്നത് കേട്ടപ്പോഴാണ് മത്സരിക്കാൻ സമ്മതിച്ചത്. ബിജെപി സ്ഥാനാർഥികൾക്ക് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കണമെന്നും നേതൃത്വം പറഞ്ഞു. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തിൽ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചത് നിന്നു. ഞാൻ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. പാർട്ടി അങ്ങനെ പറഞ്ഞാണ് പ്രചാരണം നടത്തിയത്. എല്ലാ മാധ്യമങ്ങളിലും ചർച്ചകൾക്ക് വിട്ടത് എന്നെയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യംമാറി, അതിന്‍റെ കാരണം അറിയില്ലെന്നും ശ്രീലേഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് തന്‍റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്‍റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാൻ അതാണ് തീരുമാനിച്ചതെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ തന്നെ മേയർ ശ്രീലേഖയാകുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടത്തിലും മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേര് തന്നെയാണ് ഉയർന്ന് കേട്ടത്. എന്നാൽ അവസാന നിമിഷം മേയറായി വിവി രാജേഷിനേയും ഡെപ്യൂട്ടി മേയറായി ആശാ നാഥിനെയും നേതൃത്വം പ്രഖ്യാപിച്ചു. മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി വി രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് ശ്രീലേഖ വേദി വിട്ട് പോയത് വാർത്തയായിരുന്നു, എന്നാൽ അന്ന് വേദി വിട്ടത് അതൃപ്തിയുടെ ഭാഗമല്ലെന്നായിരുന്നു ശ്രീലേഖ പിന്നീട് പ്രതികരിച്ചത്.


