ദൈവത്തിന് പൂജ ചെയ്യാന്‍ അവസരം ലഭിച്ചതിന് ക്ഷേത്രത്തിലെ ഭാരവാഹികള്‍, ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍, ജനങ്ങള്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മോദി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ബിജെപിയുടെ പൊതു യോഗത്തില്‍ വച്ച് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയിലെ സ്വര്‍ഗമായ ഗുരുവായൂരില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത് തനിക്ക് അനുഭൂതി ദായകമാണ്. ഗുരുവായൂരപ്പന്‍റെ പുണ്യഭൂമിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത് പുതിയ ഉത്സാഹവും ഉണര്‍വും വീക്ഷണം നല്‍കുന്നുവെന്ന് മോദി പറഞ്ഞു.
ഉടുപ്പിയായാലും ഗുരുവായൂരായാലും ദ്വാരകയായാലും ഗുജറാത്തുകാര്‍ക്ക് അത് വൈകാരികമായി ബന്ധപ്പെട്ട് കിടക്കുന്നു.ഗുജറാത്തിലെ ദ്വാരകയില്‍ ജനിച്ച് വളര്‍ന്ന ഒരാളെന്ന നിലയില്‍ ഗുരുവായൂരില്‍ വരുമ്പോള്‍ ലഭിക്കുന്ന അനുഭൂതിയിലാണ് താന്‍ ഇവിടെ നില്‍ക്കുന്നത്.
ദൈവത്തിന് പൂജ ചെയ്യാന്‍ അവസരം ലഭിച്ചതിന് ക്ഷേത്രത്തിലെ ഭാരവാഹികള്‍, ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍, ജനങ്ങള്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ജനാധിപത്യത്തിന്‍റെ ഉത്സവമാണ് ഈ അടുത്ത കാലത്ത് നടന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ക്കൊപ്പം കേരളത്തിലെ ജനങ്ങളും അതിന്‍റെ ഭാഗമായി. ഗുരുവായൂരിന്‍റം മണ്ണില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുകയാണെന്നും മോദി പറഞ്ഞു.
വിനോദ സഞ്ചാര മേഖലയില്‍ വളര്‍ച്ചയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രസാദ് പദ്ധതിയില്‍ പൈതൃകവുമായി ബന്ധപ്പെട്ട ഏഴ് അധ്യാത്മിക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി അറിയിച്ചു.
അതേസമയം ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുവെന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ഗുരുവായൂരിലെത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയ മോദി താമരപ്പൂകൊണ്ട് തുലാഭാരം നടത്തുകയും പ്രത്യേകം നെയ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
