സ്വന്തമായി ബ്രാൻഡ് ചെയ്ത കുപ്പിവെള്ളം പുറത്തിറക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസുകളിൽ വിൽക്കുന്ന ഈ വെള്ളത്തിന് വിപണി വിലയേക്കാൾ കുറവായിരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. കുപ്പി വെള്ളം വിൽക്കുന്ന ജീവനക്കാർക്ക് പാരിതോഷികവും നൽകും.
തിരുവനന്തപുരം: സ്വന്തമായി ബ്രാന്റിംഗ് ചെയ്ത കുടിവെള്ളം പുറത്തിറക്കാൻ കെ എസ് ആർ ടി സി. കുപ്പിവെള്ളത്തിന് പുറത്ത് കെ എസ് ആർ ടി സി ലേബൽ അടക്കം ഉണ്ടാകും. വെളിയിൽ കിട്ടുന്നതിനേക്കാൾ ഒരു രൂപ കുറച്ചാണ് കുപ്പി വെള്ളം വിൽക്കുക. യാത്രക്കിടക്കും യാത്രക്കാർക്ക് ഈ വെള്ളം വാങ്ങാവുന്നതാണ്. വെള്ളം വിൽക്കുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും വിറ്റ് ലഭിക്കുന്ന പണത്തിൽ നിന്ന് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് 2 രൂപയും, ഡ്രൈവർക്ക് 1 രൂപയും പാരിതോഷികമായി ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പേപ്പർ വർക്കുകളും മറ്റും പൂർത്തിയാകുന്നതോടെ പൊതുജനത്തിന് കുടിവെള്ളം കയ്യിൽ കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മകര വിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസ്സുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ നൂറു ബസ്സുകൾ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്പയിൽ നടത്തിയ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതൽ ബസ്സുകൾ സർവീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹിൽടോപ്പിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. പരാതികൾ കുറഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേതെന്നും മന്ത്രി പറഞ്ഞു.


