Asianet News MalayalamAsianet News Malayalam

ജി സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന് പൊലീസ്; ഇല്ലെന്ന് പരാതിക്കാരി

പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. എന്നാൽ, പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പല ഭാ​ഗത്തു നിന്നും സമ്മർദ്ദം ഉണ്ടായെങ്കിലും പരാതി പിൻവലിക്കാൻ ഒരുക്കമല്ല. 

complaint against g sudhakaran withdrawn says police denied complainant
Author
Alappuzha, First Published Apr 17, 2021, 11:32 AM IST

ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരെ മുൻ പഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന് പൊലീസ്.  പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. അതേസമയം, പരാതി പിൻവലിക്കില്ലെന്ന്  പരാതിക്കാരി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പല ഭാ​ഗത്തു നിന്നും സമ്മർദ്ദം ഉണ്ടായെങ്കിലും പരാതി പിൻവലിക്കാൻ ഒരുക്കമല്ല. പിൻവലിച്ചു എന്ന് പോലീസ് പറയുന്നത് ശരിയല്ല. എസ് പിക്ക് പരാതി നൽകുമെന്നും അവർ പ്രതികരിച്ചു. എന്നാൽ സംഭവത്തിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്നും രാഷ്ട്രീയ ക്രിമിനലുകളാണെന്നും ജി. സുധാകരൻ തുറന്നടിക്കുമ്പോൾ പാർട്ടിയിൽ രൂക്ഷമായ വിഭാഗതീയതയാണ് പരസ്യമാകുന്നത്

സംഭവത്തിൽ പരാതിക്കാരിയുടെ ഭർത്താവിനോട് വിശദീകരണം  തേടാൻ സിപിഎം ഇന്നലെ തീരുമാനിച്ചിരുന്നു.  പുറക്കാട് ലോക്കൽ കമ്മിറ്റിയുടേതായിരുന്നു തീരുമാനം. സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ജി സുധാകരനെതിരെ പരാതി ഉയര്‍ന്നത്. മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസിലാണ് പരാതി നൽകിയത്. എസ്എഫ്ഐ ആലപ്പുഴ മുൻ ജില്ലാ കമ്മിറ്റി അംഗവുമാണ് ഇവര്‍. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്ന് പരാതിയിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി 8 ന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്സണൽ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നിരുന്നു.

തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജി സുധാകരൻ‌ പ്രതികരിച്ചു. താൻ ആരെയും അപമാനിച്ചിട്ടില്ല. പരാതിക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണുള്ളത്. കുടുംബത്തെ വരെ ആക്ഷേപിക്കാൻ ശ്രമം നടന്നു. പഴ്സണൽ സ്റ്റാഫിനെതിരെ നടപടിയെടുക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെട്ടിട്ടില്ല എന്നും സുധാകരൻ പറഞ്ഞു. 

സ്ഥാനാർത്ഥി നിർണയത്തിന് ശേഷം സിപിഎമ്മിൽ രൂപപ്പെട്ട വിഭാഗീയതയുടെ തുടർച്ചയാണ് മന്ത്രിക്കെതിരായ പരാതിയും തുടർന്നുള്ള നാടകീയ നീക്കങ്ങളും. ജി. സുധാകരൻ ഒരുവശത്തും ആലപ്പുഴ സിപിഎമ്മിലെ പുതിയ ചേരി മറുവശത്തും നിലയുറപ്പിച്ചുമാണ് നീക്കങ്ങൾ.


 

Follow Us:
Download App:
  • android
  • ios