ഇടുക്കി: ഇടുക്കിയിലെ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതായി പരാതി. നിസാര കാരണങ്ങൾ പറഞ്ഞാണ് ലോണ്‍ അപേക്ഷകൾ തള്ളുന്നതെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ബാങ്കുകൾക്ക് മുന്നിൽ സമരം ആരംഭിച്ചു.

മലയോര മേഖലയിലെ ഒട്ടുമിക്ക വിദ്യാർത്ഥികൾക്കും ഉന്നത പഠനത്തിന് ബാങ്കുകളുടെ ഒരു കൈസഹായം കൂടിയേ തീരുവെന്ന അവസ്ഥയാണ്. പലയിടത്തും കൊള്ളപ്പലിശയെങ്കിലും മെച്ചപ്പെട്ട പഠനം സ്വപ്നം കാണുന്ന ഇവർക്ക് ഇതല്ലാതെ മറ്റ് വഴികളില്ല. എന്നാൽ, അടുത്ത കാലത്തായി ലോണിനായി ചെല്ലുന്ന വിദ്യാർത്ഥികളെ ബാങ്കുകൾ പല കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുന്നതായാണ് പരാതി.

ലോണ്‍ നിഷേധിച്ചതോടെ പലർക്കും ഈ വർഷം അഡ്മിഷൻ എടുക്കാനായില്ലെന്നും ഇവർ ആരോപിക്കുന്നു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ബാങ്കുകളും സർക്കാരും വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന സമീപനങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ വലിയ രീതിയിലുള്ള സമര പരിപാടികളിലേക്ക് കടക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നൽകുന്നു.