കാട്ടാന ചരിഞ്ഞ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഇറക്കിക്കൊണ്ട് പോയ എംഎൽഎ ജനീഷ് കുമാറിനെതിരെ പരാതി

പത്തനംതിട്ട: കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ കോന്നി എംഎൽഎയ്ക്ക് എതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.വനം വകുപ്പിലെ ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ എംഎൽഎക്ക് എതിരെ സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എംഎൽഎക്കെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എംഎൽഎ ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനയുടെ പരാതി. പാടം ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി പരാതി നൽകിയെങ്കിലും കൂടൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

നടുവത്തുമൂഴി റേഞ്ച് ഓഫീസർ, പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, സ്റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥർ എന്നിങ്ങനെ മൂന്നു പരാതികളാണ് കൂടൽ പോലീസിന് ഇന്നലെ രാത്രിയിൽ കിട്ടിയത്. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടുപോയി. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ഉദ്യോഗസ്ഥരുടെ പരാതിയിൽ പറയുന്നു. ആന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ പ്രതികൾക്കായുള്ള അന്വേഷണവും വനംവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സോളാർ വേലിയിലൂടെ അമിതതോതിൽ വൈദ്യുതി കടത്തിവിട്ട് കുളത്തുമൺ ഭാഗത്ത് മൃഗ വേട്ട നടന്നിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൈത കൃഷി ചെയ്യാൻ സ്ഥലം പാട്ടത്തിനെടുത്ത തൊടുപുഴ സ്വദേശികളാണ് മുഖ്യ പ്രതികൾ. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസിന്റെ പേരിൽ നിരപരാധികളെ പിടികൂടി ദ്രോഹിക്കുകയാണെന്നും എംഎൽഎ ജനീഷ് കുമാറിൻ്റെ നിലപാടിന് കൂടുതൽ പിന്തുണ നൽകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി. നാളെ കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. 

അതേസമയം, കുളത്തുമണ്ണിലെ കാട്ടാന ശല്യതിന് വനംവകുപ്പ് അടിയന്തര പരിഹാരം കാണണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ജനീഷ് കുമാർ എംഎൽഎയുടെ നടപടി വിവാദമായെങ്കിലും , മലയോരമേഖലയിൽ ഇത് പരമാവധി പ്രചരണ ആയുധമാക്കുന്നത് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ.