Asianet News MalayalamAsianet News Malayalam

സ്വപ്നയ്ക്ക് തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കില്ല

അന്വേഷണം പ്രാഥമികഘട്ടത്തിൽ എന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്നയുടെ ഹർജി തള്ളിയത്

Set back for Swapna Suresh, High court rejected Swapnas plea
Author
Kochi, First Published Aug 19, 2022, 1:57 PM IST

കൊച്ചി: സ്വപ്ന സുരേഷിന് തിരിച്ചടി. ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണെന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്നയുടെ ഹർജി തള്ളിയത്. കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‍മാൻ വ്യക്തമാക്കി. 

ഗൂഢാലോചന കേസുൾപ്പെടെ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. മുൻമന്ത്രി കെ.ടി.ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം. എന്നാൽ നിക്ഷിപ്ത താൽപര്യമാണ് സ്വപ്നയുടെ രഹസ്യ മൊഴിക്ക് പിന്നിലെന്നും തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. അന്വേഷണം തുടരുന്ന ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന 164 പ്രകാരം നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ.ടി.ജലീൽ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഇത് മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ജലീൽ നൽകിയ പരാതിയിൽ സ്വപ്നയ്ക്കെതിരെ  ഗൂഢാലോചന കേസ് എടുത്തത്.

തിരിച്ചടിയല്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ

അതേസമയം കേസിൽ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണദാസ് പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ എഫ്ഐആർ റദ്ദാക്കുക എന്ന നടപടി കോടതിയിൽ നിന്നുണ്ടാകാറുള്ളൂ. ഇക്കാര്യം അറിഞ്ഞുകൊണ്ടു തന്നെയാണ് കോടതിയെ സമീപിച്ചത്. സ്വപ്നയ്ക്കെതിരെ കേസെടുത്തത് അവരെ അറസ്റ്റ് ചെയ്ത് ഫോൺ ഉൾപ്പെടെ പിടിച്ചെടുക്കാനായിരുന്നു. അത് നടന്നില്ല. ഈ സാഹചര്യത്തിൽ തിരിച്ചടി ആർക്കാണെന്ന് പൊതുജനം വിലയിരുത്തട്ടെ എന്നും അഡ്വ. കൃഷ്ണദാസ് പറഞ്ഞു.

സർക്കാർ നടപടി ശരിവച്ചുവെന്ന് ഇ.പി.ജയരാജൻ

സർക്കാർ പറഞ്ഞത് ശരിയാണെന്ന് കോടതി നിരീക്ഷിച്ചിരിക്കുകയാണെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ. കൃത്യമായ നിരീക്ഷണമാണ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. സർക്കാർ നടപടി തുടരാനുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. ഇപ്പോൾ കോടതിക്ക് മുമ്പാകെ വന്ന കാര്യത്തിൽ കോടതി ഒരു നിലപാട് സ്വീകരിച്ചു. മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. അടുത്ത ഘട്ടത്തിൽ ആവശ്യമായ തെളിവുകൾ ബന്ധപ്പെട്ടവർ കോടതിയിലെത്തിക്കും. കേരളത്തെ കളങ്കപ്പെടുത്താനും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചന തന്നെയാണ് നടന്നത്. അതിന്റെ വ്യക്തമായ വിവരം പുറത്തു വരും. സത്യം തെളിയും. നീതി നടപ്പാകുമെന്നും ജയരാജൻ പ്രതികരിച്ചു.

പ്രതികരിക്കാനില്ലെന്ന് ജലീൽ

ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹ‍ർ‍ജികൾ തള്ളിയതുമായി ബന്ധപ്പെട്ട്  ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു മുൻ മന്ത്രി  കെ.ടി.ജലീലിന്റെ പ്രതികരണം. ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ജലീൽ പറഞ്ഞു. 

സ്വപ്നയ്ക്കും പി സി ജോ‍ർജിനും എതിരായ പരാതി; തിരുവനന്തപുരം കേസിൽ കുറ്റപത്രം ഉടൻ

മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്ന സുരേഷിനും പി.സി.ജോർജിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം ഉടൻ. തിരുവനന്തപുരത്തേയും പാലക്കാട്ടേയും കേസുകൾ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജികൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കേസിൽ കുറ്റപത്രം നൽകാനുള്ള നടപടികൾ അന്വേഷണ സംഘം വേഗത്തിലാക്കിയത്. 

Follow Us:
Download App:
  • android
  • ios