തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ട് പരാതി. വിഎസ്സിന്‍റെ പ്രൈവറ്റ് സെക്രട്ടറി സി സുശീൽ കുമാറാണ് പരാതി നൽകിയത്.

ഫെബ്രുവരി 14-നാണ് തീർത്തും തെറ്റിദ്ധാരണാ ജനകമായ രീതിയിലുള്ള വ്യാജവാർത്ത ഒരു ഓൺലൈൻ മാധ്യമത്തിൽ വന്നതെന്ന് പരാതിയിൽ പറയുന്നു. എം ഫ്ലിന്‍റ് മീഡിയ ഡോട്ട് കോം എന്ന ഓൺലൈൻ മാധ്യമത്തിന്‍റെ പേരെടുത്ത് പറഞ്ഞാണ് പരാതി. ഇതിനെത്തുടർന്ന് സാമൂഹ്യമാധ്യമങ്ങളിലും മറ്റും സമാനമായ വാർത്തകൾ പ്രചരിച്ചു. ഇതിനാലാണ് കർശന നടപടി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും പരാതിയിൽ വിഎസ്സിന്‍റെ പ്രൈവറ്റ് സെക്രട്ടറി വ്യക്തമാക്കുന്നു.