കുറ്റിപ്പുറം മാല്‍കോടെക്സിലെ മുൻ ഫിനാൻസ് മാനേജരായ സഹീർ കാലടി പരാതിയുമായി രംഗത്ത് വന്നത്. തൊഴില്‍ പീഡനത്തെ തുടര്‍ന്ന് ജോലി രാജി വച്ചിട്ടും ആനുകൂല്യങ്ങളടക്കം പിടിച്ചുവെക്കുന്നുവെന്നാണ് പരാതി.

തിരൂർ: മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനത്തിനെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ സര്‍ക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് മാല്‍കോടെക്സ് മുൻ ജീവനക്കാരന്‍റെ പരാതി. തൊഴില്‍ പീഡനത്തെ തുടര്‍ന്ന് ജോലി രാജി വച്ചിട്ടും ആനുകൂല്യങ്ങളടക്കം പിടിച്ചുവെക്കുന്നുവെന്നാണ് മുൻ ഫിനാൻസ് മാനേജരായ സഹീർ കാലടിയുടെ പരാതി.

പൊതുമേഖല സ്ഥാപനമായ കുറ്റിപ്പുറത്തെ മാല്‍കോടെക്സില്‍ ഫിനാസ് മാനേജര്‍ തസ്തികയിലിരിക്കെ സഹീര്‍ കാലടി ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. മതിയായ യോഗ്യതയും പ്രവര്‍ത്തന പരിചയവുമുള്ള അദ്ദേഹമടക്കമുള്ള മറ്റ് അപേക്ഷകരെ തള്ളി ബന്ധുവായ കെ ടി അദീബിനെയാണ് അന്ന് മന്ത്രി കെ ടി ജലീല്‍ നിയമിച്ചത്. 

ബന്ധു നിയമനം ഏറെ വിവാദമായതിനിടെ സാമൂഹ്യമാധ്യമത്തിലൂടെ സഹീര്‍ കാലടി വിഷയത്തില്‍ പ്രതികരിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ കെ ടി അദീബിന്‍റെ നിയമനം മന്ത്രി കെ ടി ജലീലിന് റദ്ദാക്കേണ്ടിയും വന്നു. പിന്നാലെ മാല്‍കോടെക്സില്‍ നിന്ന് വലിയ തൊഴില്‍ പീഡനം തുടങ്ങിയെന്ന് സഹീര്‍ കാലടി പറഞ്ഞു. മന്ത്രി കെ ടി ജലീലിന്‍റെ ഇടപെടലാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. 

പീഡനത്തെ തുടർന്ന് സഹീർ കാലടി 20 വർഷത്തെ സർവ്വീസ് ബാക്കി നിൽക്കെ ജൂലൈ ഒന്നിന് രാജി വെച്ചു. എന്നിട്ടും ഗ്രാറ്റുവിറ്റി, ശമ്പള അരിയർ, ലീവ് എൻ കാഷ്മെന്റ്, ഇ പി എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ച് പ്രതികാര നടപടികള്‍ തുടരുകയാണെന്നാണ് ഇദ്ദേഹത്തിന്‍റെ പരാതി. നിരവധി തവണ പരാതി നല്‍കിയിട്ടും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് സഹീർ കാലടി ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.