ആദിവാസികളുടെ ഉന്നമനത്തിനും സർക്കാർ സേവനങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് 2014 ൽ കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിച്ചത്. 

വയനാട്: പട്ടികവർഗ വകുപ്പിന് കീഴിലുള്ള കമ്മിറ്റഡ് സോഷ്യൽ വർക്കർ നിയമനത്തിൽ (Social Workers Employment) ഗോത്രവിഭാഗ ഉദ്യോഗാർത്ഥികളെ തഴയുന്നു. തസ്തികയിലേക്ക് എസ് ടി വിഭാഗത്തിന് മുൻഗണന നൽകുമെന്ന സർക്കാർ വിജ്ഞാപനം കടലാസിലൊതുങ്ങിയെന്നാണ് പരാതി. ഒഴിവുള്ള 54 തസ്തികയിലേക്ക് പട്ടികവർഗ വിഭാഗത്തിൽ നിന്ന് നാലുപേർ മാത്രമാണ് ലിസ്റ്റിലുള്ളത്. ആദിവാസികളുടെ ഉന്നമനത്തിനും സർക്കാർ സേവനങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് 2014 ൽ കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിച്ചത്. 

ഇവരിലേറെയും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ ആദിവസി ഉദ്യോഗാർത്ഥികളായിരുന്നു. എന്നാൽ നേരത്തെയുണ്ടായിരുന്നവരെ പിരിച്ചുവിട്ട് 54 പേരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കാനാണ് സർക്കാർ തീരുമാനം. തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച രണ്ടായിരത്തോളം പേരിൽ 160 പേർ പട്ടികവർഗ വിഭാഗത്തിലുള്ളവരാണ്. ഇതിൽ നാലുപേര്‍ മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. അഭ്യസ്തവിദ്യരായ ഒട്ടേറെ പേർ എസ്ടി വിഭാഗത്തിലുള്ളപ്പോൾ ഈ മേഖലയിലെ സോഷ്യൽ വർക്കിലേക്ക് മറ്റുള്ളവരെ നിയമിക്കുന്നത് നീതിനിഷേധം ആണെന്നാണ് പരാതി. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ആദിവാസി ഗോത്രമഹാസഭ ഈ മാസം 21ന് വയനാട് കളക്ടറേറ്റിന് മുന്നിലും മാർച്ച് നാലിന് സെക്രട്ടേറിയറ്റിലും സത്യഗ്രഹ സമരം നടത്തും.

  • ആ കാർഡ് ഒന്ന് ബിപിഎൽ ആക്കിത്തരണം; ഒമ്പത് വർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് അബ്ദുൾ ജബ്ബാർ

മലപ്പുറം: റേഷൻ കാര്‍ഡ് ബിപിഎൽ ആക്കാൻ ഒമ്പത് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് മലപ്പുറം വഴിക്കടവിലെ അബ്ദുള്‍ ജബ്ബാറെന്ന വൃദ്ധൻ. ഇദ്ദേഹത്തിന്‍റെ തുച്ഛമായ വരുമാനം മാത്രമാണ് രോഗിയായ ഭാര്യയും വിദ്യാര്‍ത്ഥിയായ മകനും അടക്കമുള്ള കുടുംബത്തിന്‍റെ ഏക ആശ്രയം. കാസർക്കോട് നിന്നും വഴിക്കടവിലേക്ക് അബ്ദുള്‍ ജബ്ബാര്‍ കുടുംബസമ്മേതം താമസം മാറിയിട്ട് ഒമ്പതു വര്‍ഷമായി. അന്നു മുതല്‍ തുടങ്ങിയതാണ് റേഷൻകാര്‍ഡ് ബിപിഎല്ലായിക്കിട്ടാനുള്ള നെട്ടോട്ടം.

ബിപിഎല്ലായിരുന്ന റേഷൻകാര്‍ഡ് വരുമാനത്തില്‍ ഒരു വര്‍ദ്ധനവുമില്ലെന്നിരിക്കെ എങ്ങനെ എപിഎല്ലായെന്നാണ് ഈ വൃദ്ധന്‍റെ ചോദ്യം. ഇദ്ദേഹം കയറിയിറങ്ങിയ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കൊന്നും ഈ ചോദ്യത്തിന് ഉത്തരമില്ല. വീടിന്‍റെ അറ്റകുറ്റപണിക്ക്, ഭാര്യയുടെ ചികിത്സക്ക്, മകന്‍റെ പഠനത്തിന് അങ്ങനെ ഒരാവശ്യത്തിനും എവിടെ നിന്നും ഒരു സഹായവും ഈ പാവത്തിന് കിട്ടുന്നില്ല. എല്ലായിടത്തും തടസം ദാരിദ്രരേഖക്ക് മുകളിലുള്ള ഈ റേഷൻകാര്‍ഡാണ്. ഇദ്ദേഹത്തിന്‍റെ പരാതിയും അപേക്ഷയും പരിഗണനയിലാണെന്ന മറുപടിയാണ് നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് കിട്ടിയത്.

കാർത്ത്യായിനി അമ്മയ്ക്ക് ആശ്വാസം

കാസർകോട്, റേഷൻ കാർഡ് ബിപിഎൽ ആക്കാൻ എഴുപത്തിയഞ്ചാം വയസ്സിലും ഓഫീസുകൾ കയറിയിറങ്ങിയ കാർത്യായനിയുടെ പ്രശ്നത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. റേഷൻ കാർഡ് തിരുത്തി നൽകാൻ ഉടൻ നടപടിയെടുക്കണം. കളക്ടറും ജില്ലാ സപ്ലൈ ഓഫീസറും അടിയന്തരമായി നടപടിയെടുത്ത് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷനിലെ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മാറണം മരണ നാട പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസാണ് കാർത്യായനിയുടെ ദുരിതം പുറംലോകത്തെ അറിയിച്ചത്.