വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങിയതോടെ ദക്ഷിണ കൊറിയൻ അതിർത്തി അതീവ ജാഗ്രതയിലായി. ഗുരുതര അതിർത്തിലംഘനമെന്ന് വിലയിരുത്തിയ തെക്കൻ കൊറിയ അതിവേഗം തിരിച്ചടിച്ചു. മൂന്ന് എയർ ടു സർഫസ് മിസൈലുകൾ പായിച്ചു കൊണ്ടാണ് രൂക്ഷമായ തിരിച്ചടി നൽകിയത്
സോൾ: തെക്കൻ കൊറിയയ്ക്ക് നേരെ മിസൈൽ തൊടുത്ത് വടക്കൻ കൊറിയ. തെക്കൻ കൊറിയയുടെ സമുദ്രാതിർത്തി കടന്ന് മിസൈൽ പതിച്ചു. 1948ലെ കൊറിയൻ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് വടക്കൻ കൊറിയ, സമുദ്രാതിർത്തി
കടന്നുള്ള ആക്രമണം നടത്തുന്നത്. തിരിച്ചടിയായി ദക്ഷിണ കൊറിയ മൂന്ന് മിസൈലുകൾ തൊടുത്തു.
കൊറിയകൾ രണ്ടായതിന് ശേഷം ഇതാദ്യമായാണ് അതിർത്തി കടന്നുളള മിസൈൽ ആക്രമണം. തെക്കൻ കൊറിയയിലെ ഇറ്റെവോണിൽ ഹാലോവീൻ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറ്റമ്പതിൽ അധികം പേർ ഞെരിഞ്ഞ് മരിച്ചതിന്റെ ആഘാതം മാറും മുമ്പാണ്, വടക്കൻ കൊറിയയുടെ പ്രകോപനം. തൊടുത്തത് പത്തു മിസൈലുകൾ. എല്ലാം സമുദ്രാതിർത്തി കടന്ന് പതിച്ചു. വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങിയതോടെ ദക്ഷിണ കൊറിയൻ അതിർത്തി അതീവ ജാഗ്രതയിലായി. ഗുരുതര അതിർത്തിലംഘനമെന്ന് വി വലയിരുത്തിയ തെക്കൻ കൊറിയ അതിവേഗം തിരിച്ചടിച്ചു .
മൂന്ന് എയർ ടു സർഫസ് മിസൈലുകൾ പായിച്ചു കൊണ്ടാണ് രൂക്ഷമായ തിരിച്ചടി നൽകിയത്.
കൊറിയൻ സമുദ്രാതിർത്തി രേഖയെ അംഗീകരിക്കാൻ ഇതുവരെ വടക്കൻ കൊറിയ തയ്യാറായിട്ടില്ല. സംയുക്ത സൈനികാഭ്യാസം തുടർന്നാൽ ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കും കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയും വടക്കൻ കൊറിയയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം വടക്കൻ കൊറിയ ഏത് നിമിഷം വേണമെങ്കിലും വീണ്ടുമൊരു ആണവ പരീക്ഷണം നടത്തിയേക്കാം എന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് പുതിയ പ്രകോപനം. ഇതിനിടെ അമേരിക്കയുടെ ആണവ അന്തർവാഹിനി ദക്ഷിണ കൊറിയൻ തീരത്തടുത്തു. ഇതോടെ കൊറിയകൾ തമ്മിലുള്ള സംഘർഷം അസാധാരണ തലത്തിലേക്ക് നീങ്ങുകയാണ്.
