Asianet News MalayalamAsianet News Malayalam

പിഎസ്‍സി അം​ഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് ആരോപണം: ഐഎൻഎൽ പിളർപ്പിലേക്ക്

40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്‍സി അംഗത്വം വിറ്റതെന്ന് ഇ.സി.മുഹമ്മദ് ആരോപിക്കുന്നു.

Conflict in INL
Author
Kozhikode, First Published Jul 4, 2021, 1:30 PM IST

കോഴിക്കോട്: പിഎസ്‍സി അംഗപദവി 40 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപണം. ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദാണ് നേതൃത്വം കോഴവാങ്ങിയതായി ആരോപണമുന്നയിച്ചത്. ആരോപണത്തോട് പ്രതികരിക്കാൻ ഐഎൻഎൽ തയ്യാറായില്ല. പാർട്ടിയിൽ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ് കോഴയാരോപണം.

40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്‍സി അംഗത്വം വിറ്റതെന്ന് ഇ.സി.മുഹമ്മദ് ആരോപിക്കുന്നു. സംസ്ഥാനസെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നാണ് ആക്ഷേപം. ഇതേക്കുറിച്ച് പ്രതികരിക്കാൻ പാർട്ടി അധ്യക്ഷനോ മറ്റു നേതാക്കളോ തയ്യാറായില്ല. 

നേതൃതവുമായി ഇടഞ്ഞ് പാർട്ടി വിടാനിരിക്കുയാണ് ഐഎൻഎല്ലിലെ പിടിഎ റഹിം വിഭാഗം . അതിന്റെ നേതാവാണ് ആരോപണമുന്നയിച്ച ഇസി മുഹമ്മദ്. അടുത്തയാഴ്ച കൊടുവള്ളിയിൽ ആ വിഭാഗം യോഗം വിളിച്ചിട്ടുണ്ട്. കോഴയാരോപണത്തെക്കുറിച്ച് ഐഎൻഎൽ വിശദീകരിക്കണമെന്ന് മുസ്ലിം ലിഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആദ്യമായി മന്ത്രിസഭയിൽ പ്രവേശനം  ലഭിച്ച ഐഎൻഎല്ലിലെ തർക്കങ്ങൾ എല്‍ഡിഎഫിന് തലവേദനയായിട്ടുണ്ട്. 

ദിവസങ്ങൾക്ക് മുൻപേ ചേർന്ന ഐഎൻഎൽ സംസ്ഥാന സമിതിയിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ വിമർശനമുണ്ടായതും പാർട്ടിക്കുള്ളിൽ മുറുമുറപ്പ് സൃഷ്ടിച്ചിരുന്നു. പേഴ്സണൽ സ്റ്റാഫിലേക്കുള്ള ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള പ്രധാന വിഷയങ്ങളിൽ മന്ത്രി പാർട്ടിയുമായി ആലോചിക്കാതെ സ്വന്തം നിലക്കാണ് തീരുമാനമെടുക്കുന്നതെന്നാണ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. അബ്ദുൾ വഹാബിന്‍റെ വിമർശനം. 

സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂരും പ്രസിഡണ്ടും തമ്മിൽ യോഗത്തിൽ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. എന്നാൽ പാർട്ടിയിൽ ആരും ഒറ്റക്കല്ല തീരുമാനമെടുക്കുന്നതെന്നും പാർട്ടിയിൽ എല്ലാ കാര്യങ്ങളും ആലോചിക്കാറുണ്ടെന്നുമാണ് മന്ത്രി അഹമ്മദ് ദേവൽ യോഗ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിയായി അധികാരമേറ്റ ശേഷം അഹമ്മദ് ദേവർകോവിൽ തങ്ങളെ അവഗണിക്കുകയാണെന്നും കോഴിക്കോട് ജില്ലയിലെ മന്ത്രിയുടെ പരിപാടികളിൽ അകമ്പടിയായി പോകുന്നത് മുസ്ലീംലീഗ് പ്രവർത്തകരാണെന്നും സിപിഎം പ്രാദേശിക നേതൃത്വങ്ങൾ നേരത്തെ മേൽഘടകങ്ങളിൽ പരാതിപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios